sky

മെൽബൺ : ആകാശത്തു നിന്നും ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന തീഗോളം, മേയ് ഇരുപതിന് പുലർച്ചെ ആസ്‌ട്രേലിയയുടെ ആകാശത്താണ് ആ അത്ഭുതക്കാഴ്ച ജനം കണ്ടത്. ഒരു വലിയ ബോളിന്റെ വലിപ്പമുള്ള തീഗോളത്തെ വടക്കൻ ആസ്‌ട്രേലിയിലാണ് ദൃശ്യമായത്. അഞ്ഞൂറ് കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായിരുന്നു. അതിനാൽ തന്നെ ഭീമാകാരനായ ഒരു ഉൽക്കയാണ് ഭൂമിയെ ലക്ഷ്യമാക്കി വന്നതെന്ന കണക്ക് കൂട്ടലിലാണ് ശാസ്ത്രലോകം. ഈ സംഭവത്തിന് കൃത്യം രണ്ട് ദിവസത്തിന്റെ ഇടവേളയിൽ സമാനമായ ഒരു കാഴ്ച തെക്കൻ ഓസ്‌ട്രേലിയയിലും സംഭവിച്ചു. ഇവിടെ കാണാനായ ഉൽക്ക ഒരു മണിക്കൂറോളം ദൃശ്യമാവുകയായിരുന്നു. രണ്ട് ദിവസങ്ങളിലായി രാജ്യത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളിലായി ഉൽക്കകൾ ആകാശത്തിൽ ദൃശ്യമായതോടെ പരിഭ്രാന്തരായിരിക്കുകയാണ് ജനമിപ്പോൾ.

എന്നാൽ ഉൽക്കകൾ ഭൂമിയെ ലക്ഷ്യമാക്കി വരുന്നതിൽ പ്രത്യേകിച്ച് ആശങ്കപ്പെടാനില്ലെന്നാണ് ശാസ്ത്ര ലോകത്തിന്റെ അഭിപ്രായം. ദിനം പ്രതി ടൺകണക്കിന് ഉൽക്കകൾ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നുണ്ടത്രേ. ഇവയിൽ ഭൂരിഭാഗവും നമ്മുടെ നേത്രങ്ങൾ കൊണ്ട് കാണാനാവുന്നതിലും ചെറുതാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സമയത്ത് തന്നെ ഇവ എരിഞ്ഞ് തീരുന്നതാണ് പതിവ്. അതിനാൽ തന്നെ ടൺകണക്കിന് ഉൽക്കകളെത്തിയാലും അവയൊന്നും ഭൂമിയിൽ പതിക്കുന്നില്ല. എന്നാൽ വലിപ്പം കൂടുന്നതോടെ കത്തിതീരുന്നതിന് കൂടുതൽ സമയം എടുക്കുകയും തീഗോളം നമുക്ക് കാണാനാവുകയും ചെയ്യും. അതിനാൽ വലിപ്പം കൂടുന്നതോടെ ഉൽക്കകൾ ഭൂമിക്ക് ഭീഷണിയാണ്. ഉൽക്കാപതനത്തിന്റെ ഫലമായി അഗാധ ഗർത്തങ്ങൾ ഭൂമിയിലുണ്ടായിട്ടുണ്ട്. ഇതു കൂടാതെ ഉൽക്കാപതനത്തിന്റെ ഫലമായി ആളുകൾക്ക് പൊള്ളലേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.