kerala-congress

കോട്ടയം: കേരള കോൺഗ്രസ് (എം)​ ചെയർമാനെ വോട്ടിനിട്ട് തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിട്ടില്ലെന്ന് പി.ജെ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. താൽക്കാലിക ചെയർമാനെ സംബന്ധിച്ച് കത്ത് നൽകിയോയെന്ന് അറിയില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു.

സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തിരഞ്ഞെടുക്കണമെന്നു പറയുന്നവർക്കു പാർട്ടി ഭരണഘടന എന്താണെന്നു പോലും അറിയില്ല. ഇവരാണു പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നത്. ഇല്ലാത്ത കത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കുകയാണ് ചിലർ- പി.ജെ ജോസഫ് പറഞ്ഞു.

അതേസമയം,​ ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പാർട്ടിയെ തകർക്കാനാണു ശ്രമമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി പ്രതികരിച്ചു. കെ.എം. മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ അനുവദിക്കില്ല. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ചെയർമാനെ തിരഞ്ഞെടുക്കണം. ചില കേന്ദ്രങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. കത്ത് കൊടുത്തവർ അത് പുറത്തുവിടുന്നില്ല- ജോസ് കെ.മാണി പാലായിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരള കോൺഗ്രസ് എമ്മിൽ ചെയർമാനെ ചൊല്ലിയുണ്ടായ തർക്കം തെരുവിലേക്ക് നീങ്ങി. പാർട്ടി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, പി.ജെ.ജോസഫ് ഗ്രൂപ്പിലെത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്തിറങ്ങിയ യൂത്ത് ഫ്രണ്ട് പ്രവർത്തകർ ജോയി ഏബ്രഹാമിന്റെ കോലം പാലായിൽ കത്തിച്ചു. ഇതോടെ പാർട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാർ എന്താവും ഇനി സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ്.

ഇത്രയും നാൾ മൗനം പാലിച്ച ജോയി ഏബ്രഹാം ഇപ്പോൾ മറനീക്കി ജോസഫ് പക്ഷത്തെത്തി. പാർട്ടിയിലെ മുതിർന്ന നേതാവായ സി.എഫ്.തോമസ് എം.എൽ.എയാവട്ടെ പാർട്ടിയിൽ ഐക്യം സ്ഥാപിതമാവാൻ കിണഞ്ഞു ശ്രമിക്കുകയാണ്. കെ.എം.മാണി അന്തരിച്ചതോടെ പാർട്ടിയുടെ വർക്കിംഗ് ചെയർമാനായിരുന്ന പി.ജെ.ജോസഫിന് ചെയർമാൻ സ്ഥാനം നല്കിയതിൽ തെറ്റില്ലായെന്ന ഉറച്ച നിലപാടിൽ തന്നെയാണ് സി.എഫ്. ജോയി ഏബ്രഹാമും അതേ നിലപാടാണ് സ്വീകരിച്ചത്.