jagan

വിജയവാഡ: വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയിൽ 12.23ന് നടന്ന ചടങ്ങിൽ 30000 പേർ പങ്കെടുത്തു. ഗവർണർ ഇ.എസ്.എൽ നരസിംഹനാണ് ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തത്. വേദിയിലേക്ക് തുറന്ന ജീപ്പിൽ എത്തിയ ജഗനെ നിറഞ്ഞ കയ്യടിയോടെയാണ് അണികൾ സ്വീകരിച്ചത്. ഇന്ന് ജഗൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവർ ജൂൺ ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.

തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഡി.എം.കെ നേതാവ് സ്റ്റാലിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് എത്തിയില്ലെങ്കിലും എൻ. ചന്ദ്രബാബു നായിഡു ജഗൻ മോഹൻ റെഡ്ഡിയ്ക്ക് തന്റെ അഭിനന്ദനമറിയിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ പ്രാർത്ഥനകളും ഉണ്ടായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ജഗനെ അഭിനന്ദിച്ചിരുന്നു.

വൈ.എസ്.ആ‌ർ കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ 175 ൽ 151 സീറ്റും, നിയമസഭ തിരഞ്ഞെടുപ്പിൽ 25ൽ 22സീറ്റും നേടി. ജഗനും റാവുവും ഇന്ന് വൈകുന്നേരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഡൽഹിയ്ക്ക് തിരിക്കും. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനാണ് 46കാരനായ ജഗൻ.