apache

കൊച്ചി: ടി.വി.എസ് മോട്ടോർ കമ്പനിയുടെ പുതിയ റേസ് ട്യൂൺഡ് (ആർ.ടി) സ്ളിപ്പർ ക്ളച്ചോട് കൂടിയ അപ്പാച്ചേ ആർ.ആർ 310 സൂപ്പർ ബൈക്ക് വിപണിയിലെത്തി. ടി.വി.എസ് റേസിംഗ് പെരുമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രൂപകല്‌പന ചെയ്‌ത ബൈക്കിന് കൊച്ചി എക്‌സ്‌ഷോറൂം വില 2.10 ലക്ഷം രൂപ. അത്യാകർഷകമായ രൂപഭംഗിയും പുതിയ ഫാന്റം ബ്ളാക്ക് നിറഭേദവുമാണ് പുത്തൻ പതിപ്പിനെ ശ്രദ്ധേയമാക്കുന്നത്.

റേസ് ട്യൂൺഡ് സ്ളിപ്പർ ക്ലച്ച് സാങ്കേതികവിദ്യ റൈഡിംഗ് ആയാസരഹിതമാക്കും. സിറ്രി, ഹൈവേ, റേസിംഗ് നിരത്തുകൾക്ക് ഏറെ അനുയോജ്യവുമാണിത്. നിലവിലുള്ള ആർ.ആർ 310 ഉപഭോക്താക്കൾക്കും ഈ സാങ്കേതികവിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്ന് ടി.വി.എസ് പ്രീമിയം മോട്ടോർ സൈക്കിൾസ് മാർക്കറ്റിംഗ് മേധാവി മേഘശ്യാം ലക്ഷ്‌മൺ ദിഗോൾ പറഞ്ഞു. 312.2 സി.സി., എസ്.ഐ, 4-സ്‌ട്രോക്ക്, 4-വാൽവ്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണുള്ളത്. 34 പി.എസ് കരുത്തുള്ള എൻജിനാണിത്. ഗിയറുകൾ ആറ്. ഇന്ധനടാങ്കിൽ 11 ലിറ്റർ പെട്രോൾ നിറയും.

ബൈ-എൽ.ഇ.ഡി ട്വിൻ പ്രൊജക്‌ടർ ഹെഡ്‌ലാമ്പ്, ഓൺ-ബോർഡ് റേസ് കമ്പ്യൂട്ടർ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, ഷാർക്ക്-ഇൻസ്‌പയേഡ് റേസിംഗ് സ്‌റ്റൈൽ രൂപകല്‌പന, റേസിംഗ് ഒറിജിൻ ട്രെലിസ് ഫ്രെയിം, റേസ് ട്യൂൺഡ് സസ്‌പെൻഷൻ എന്നിവയും രൂപകല്‌പനയിലെ മികവുകളാണ്. 160 കിലോമീറ്ററാണ് ബൈക്കിന്റെ ടോപ് സ്‌പീഡ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.17 സെക്കൻഡ് മതി.