കോട്ടയം : ബിവറേജസിനോടുളള നാട്ടുകാരുടെ സ്‌നേഹം ഉദ്യോഗസ്ഥർക്ക് ശരിക്കും മനസിലായത് കഴിഞ്ഞ ദിവസമാണ്. കോട്ടയം കറുകച്ചാലിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ തീപിടിത്തമുണ്ടായപ്പോഴാണ് ജനം ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഇവിടെ വിലകുറഞ്ഞതും മദ്യപാനികൾക്കിടയിൽ ഏറെ ജനപ്രിയവുമായ ജവാൻ ബ്രാന്റ് മദ്യം സൂക്ഷിച്ചിരുന്ന മുറിക്ക് സമീപത്താണ് തീപിടിച്ചത്. പ്രവർത്തിച്ചുകൊണ്ടിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചാണ് മുറിയിലേക്ക് തീ പടർന്നത്. വൈദ്യുതി മുടങ്ങിയ സമയത്താണ് വെളിച്ചത്തിന് വേണ്ടി ജനറേറ്റർ പ്രവർത്തിപ്പിച്ചത്.
മദ്യം വാങ്ങാനായി ക്യൂവിൽ നിന്നവരാണ് ആദ്യം ജവാനെ രക്ഷിക്കുവാനുള്ള രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അടുത്തുള്ള കിണറിൽ നിന്നും വെള്ളം കോരിയെടുത്ത് തീപടർന്ന മുറിയിലേക്ക് ഓടിഎത്തിയവർക്ക് ഒടുവിൽ പരിക്കേൽക്കാതെ തീയണച്ച് ജവാനെ രക്ഷപ്പെടുത്തിയ ശേഷമാണ് ശ്വാസം നേരെ വീണത്.