വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്.ആർ നേതാവ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയിലെ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സത്യപ്രതിജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 175 സീറ്റുകളിൽ 151ലും വിജയിച്ചാണ് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അധികാരം പിടിച്ചത്.
അമ്മ വിജയലക്ഷ്മി, ഭാര്യ ഭാരതി, സഹോദരി ശാർമിള, മക്കളായ ഹർഷ റെഡ്ഡി, വർഷ റെഡ്ഡി തുടങ്ങിയവർക്കൊപ്പമാണ് ജഗൻ സത്യപ്രതിജ്ഞയ്ക്കെത്തിയത്. 40000ത്തിലധികം പേർ ചടങ്ങ് കാണാനായി സ്റ്റേഡിയത്തിലും പരിസരത്തുമായി എത്തിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ, പുതുച്ചേരി മന്ത്രി മല്ലാഡി കൃഷ്ണറാവു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ക്ഷണമുണ്ടായിരുന്നെങ്കിലും ടി.ഡി.പി അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എത്തിയില്ല. ജഗനെ അനുമോദിക്കാൻ പാർട്ടി പ്രതിനിധികളെ അയയ്ക്കുകയാണ് നായിഡു ചെയ്തത്. ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജഗൻ. അതേസമയം, ആന്ധ്രാപ്രദേശിലെ മാദ്ധ്യമങ്ങൾക്ക് നായിഡു മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു ആഗ്രഹമെന്ന് ഈനാട്, ആന്ധ്രാജ്യോതി എന്നീ പത്രങ്ങളുടെ പേരെടുത്ത് പറഞ്ഞ് ജഗൻ പ്രസംഗത്തിനിടയിൽ കുറ്റപ്പെടുത്തി.