കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്‌ട്രിക്കൽ - ഇലക്‌ട്രോണിക്‌സ് കമ്പനിയായ വി-ഗാർഡ് കഴിഞ്ഞ സാമ്പത്തിക വർഷം 24.6 ശതമാനം വർദ്ധനയോടെ 167.23 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുൻവർഷം ലാഭം 134.25 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 2,335.26 കോടി രൂപയിൽ നിന്ന് 11 ശതമാനം ഉയർന്ന് 2,594.44 കോടി രൂപയിലെത്തി.
അവസാനപാദമായ ജനുവരി മാർച്ചിൽ ലാഭം 115 ശതമാനം വർദ്ധിച്ച് 59.24 കോടി രൂപയായി. 2017-18ലെ സമാനപാദത്തിൽ ലാഭം 27.58 കോടി രൂപയായിരുന്നു. 739.69 കോടി രൂപയാണ് വിറ്റുവരവ്. വർദ്ധന 12 ശതമാനം. മികച്ച പ്രവർത്തന ഫലത്തിന്റെ പിൻബലത്തിൽ ഓഹരിയൊന്നിന് 80 പൈസ വീതം ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് ശുപാർശ ചെയ്‌തു. ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞുനിന്നിട്ടും കഴിഞ്ഞവർഷം മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്‌ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.