payal-
പായൽ

മുംബയ്: സീനിയർ ഡോക്ടർമാരുടെ ജാതിയധിക്ഷേപത്തിന് ഇരയായ മെഡിക്കൽ പി.ജി വിദ്യാർത്ഥിനി ഡോ.പായലിന്റെ മരണം ആത്മഹത്യ അല്ലെന്നും അത് കൊലപാതകമാണെന്നും പായലിന്റെ അഭിഭാഷകൻ നിതിൻ സത്പുത് കോടതിയെ അറിയിച്ചു. പായലിന്റെ കഴുത്തിൽ വരിഞ്ഞുമുറുക്കിയതിന്റെ പാടുകളും ശരീരത്തിൽ പലയിടങ്ങളിലും മുറിവുകളും ഉണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകന്റെ വാദം.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുംബയ് സെൻട്രലിലെ നായർ ആശുപത്രിയിൽ 23കാരിയായ ഡോ. പായൽ തഡ്‌വിയെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ഡോ. ഭക്തി മെഹർ, ഡോ. അങ്കിത ഖണ്ഡൽവാൾ, ഡോ. ഹേമ അഹൂജ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പായലിനെ ഹോസ്റ്റൽമുറിയിലും ആശുപത്രിയിലും പൊതുസ്ഥലങ്ങളിലും വച്ച് ജാതിയുടെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികളും ഉണ്ട്.

കുറ്റാരോപിതരായ മൂന്നു ഡോക്ടർമാരെയും 14 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും സാക്ഷികൾ സമ്മർദ്ദത്തിലാണെന്നും പ്രോസിക്യൂട്ടർ ജയ്സിംഗ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു.

 പായൽ വർണവെറിയുടെ ഇര

ആദിവാസി വിഭാഗമായ ഭിൽ മുസ്‌ലിം സമുദായാംഗമായിരുന്നു പായൽ. മുംബയിൽ ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിന് ചേർന്നതു മുതൽ സീനിയർ ഡോക്ടർമാരുടെ ക്രൂരമായ ജാതിവിവേചനത്തിനും പീഡനത്തിനുമാണ് പായൽ ഇരയായത്. പായലിന്റെ വിരിപ്പിൽ കാലുകൾ തുടയ്ക്കുക, കുളിമുറിയിലും ഭക്ഷണശാലയിലും പ്രവേശനം നിഷേധിക്കുക, സവർണരായ സീനിയേഴ്‌സ് ഉള്ളപ്പോൾ ഓപ്പറേഷൻ തിയേറ്ററിലും ആശുപത്രിയിലെയും കോളേജിലെയും പൊതു ഇടങ്ങളിലും കയറാനോ ഇടപഴകാനോ അനുവദിക്കാതിരിക്കുക, നോമ്പ് തുറക്കാൻ സമ്മതിക്കാതിരിക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങളാണ് പായലിന് ഏൽക്കേണ്ടി വന്നത്. ജാതീയതയുടെയും ന്യൂനപക്ഷ, ദളിത് വിരുദ്ധതയുടെയും ഇരകളായ രോഹിത് വെമുല, മുദസിർ കമ്രാൻ, നജീബ് അഹമ്മദ് എന്നിവരുടെ ലിസ്റ്റിലെ ഒടുവുലത്തെ കണ്ണിയാണ് ഡോ. പായൽ.