കൊച്ചി: ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയർ കഴിഞ്ഞ സാമ്പത്തിക വർഷം 335 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 140 ശതമാനമാണ് വർദ്ധന. തൊട്ടു മുൻവർഷത്തിൽ ലാഭം 139 കോടി രൂപയായിരുന്നു. വരുമാനം 6,721 കോടി രൂപയിൽ നിന്ന് 18 ശതമാനം ഉയർന്ന് 7,963 കോടി രൂപയായി. ജനുവരി-മാർച്ച് പാദത്തിൽ ലാഭം 145 കോടി രൂപയിൽ നിന്ന് 44 ശതമാനം വർദ്ധിച്ച് 209 കോടി രൂപയിലെത്തി. 2,201 കോടി രൂപയാണ് വരുമാനം. വർദ്ധന 23 ശതമാനം.
ഇന്ത്യയിലെയും ജി.സി.സിയിലെയും മുഴുവൻ ആശുപത്രികളും കാഴ്‌ചവച്ച മികച്ച പ്രകടനമാണ് ലാഭവും വരുമാനവും വർദ്ധിക്കാൻ വഴിയൊരുക്കിയത്. ജനുവരി-മാർച്ചുപാദ പ്രകടനം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതാണെന്ന് ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഒമ്പത് രാജ്യങ്ങളിലായി 24 ആശുപത്രികളും 114 ക്ളിനിക്കുകളും 219 ഫാർമസികളുമാണ് കമ്പനിക്കുള്ളത്. കൊച്ചി, കോഴിക്കോട്, വയനാട്, കോട്ടക്കൽ എന്നിവിടങ്ങളിൾ ഉൾപ്പെടെ ഇന്ത്യയിൽ 12 ആശുപത്രികളുണ്ട്.