amit-shah

ന്യൂഡൽഹി: നരേന്ദ്രമോദി 2.0 മന്ത്രിസഭയിലേക്ക് അമിത് ഷായും എത്തുന്നു. ഗുജറാത്തിലെ ബി.ജെ.പി അധ്യക്ഷൻ ജിത്തു വാഗാനിയാണ് ഈ കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. അമിത് ഷായ്ക്ക് ഗുജറാത്തിലെ നേതാക്കൾ മന്ത്രിസ്ഥാനം ലഭിച്ചതിൽ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.ഇന്ന് രാവിലെ മുതൽ തന്നെ അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ബി.ജെ.പി. അധ്യക്ഷൻ പദവി വിട്ട് അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തേക്ക് എത്താനാകില്ല എന്നാണ് ഇതുവരെ കരുതിപ്പോന്നത്. അമിത് ഷാ മന്ത്രി സഭയിലേക്ക് ഇല്ല എന്നാണ് ഇന്നലെ വരെ ബി.ജെ.പിയും പറഞ്ഞിരുന്നത്.

ഇന്നലെ രാത്രി ഗുജറാത്തിലെ അമിത് ഷായുടെ വസതിയിൽ വെച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്. അമിത് ഷാ കേന്ദ്ര മന്ത്രിയാകും എന്ന വാർത്തകളോട് പ്രതികരിക്കാനും ബി.ജെ.പി. നേതാക്കൾ മടിച്ചിരുന്നു.

പുതിയ മന്ത്രിസഭയുടെ ബന്ധപ്പെട്ട ചർച്ചകളെല്ലാം നയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കൂടിയായിരുന്നു. ഏതായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിലേക്കെത്തി അമിത് ഷായും നിയുക്ത മന്ത്രിമാരും ഒത്തുകൂടി ചർച്ചകൾ നടത്തുകയാണ്.