rape

കൊല്ലം: മറവിരോഗം ബാധിച്ച് കിടപ്പിലായ 65 വയസുള്ള അമ്മയെ പീഡിപ്പിച്ച യുവാവിനെ അച്ഛന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടമ്മയെ കൊന്ന് സെപ്ടിക് ടാങ്കിലിട്ട കേസിൽ ജാമ്യത്തിലുള്ള മുപ്പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്. അമ്മയെ മകൻ പീഡിപ്പിക്കുന്നത് തടയാൻ അച്ഛൻ ശ്രമിച്ചിരുന്നു. ഇക്കാര്യം മറ്റാരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അച്ഛനെയും യുവാവ് ഉപദ്രവിച്ചു. തുടർന്ന് ബുധനാഴ്ചയാണ് അച്ഛൻ പൊലീസിന്റെ സഹായം തേടിയത്.

ഇന്നലെ രാവിലെ വീടിന്റെ പരിസരത്ത് നിന്ന് യുവാവിനെ അഞ്ചാലുംമൂട് സി.ഐ ജെ. പ്രദീപിന്റെ നേതൃത്വത്തിൽ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചെന്നാണ് സൂചന. തുടർന്ന് അമ്മയ്‌ക്ക് വൈദ്യസഹായം ലഭ്യമാക്കി. പ്രാഥമിക വൈദ്യ പരിശോധനയിൽ പീഡനത്തിനിരയായെന്ന് തെളിഞ്ഞു. ചികിത്സയിൽ ശ്രദ്ധിക്കുന്നുവെന്ന വ്യാജേന ഇയാൾ പലതവണ അമ്മയെ ഉപദ്രവിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം. മകനും അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് സഹോദരിമാർ ഭർത്തൃഗൃഹത്തിലാണ്. അച്ഛന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് കൂടുതൽ ശാസ്‌ത്രീയ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

വീട്ടമ്മയെ കൊന്ന കേസിലെ പ്രധാനി

ഒറ്റയ്‌ക്കു താമസിച്ചിരുന്ന വെട്ടുവിള സ്വദേശിയായ വീട്ടമ്മയെ കൊന്ന് കുപ്പണ പോങ്ങുംതാഴെ ക്ഷേത്രത്തിന് സമീപം കായൽവാരത്തെ സെപ്ടിക് ടാങ്കിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. പൊലീസിന് ലഭിച്ച ഊമക്കത്തിനെ തുടർന്നുള്ള അന്വേഷണത്തിൽ 2015 ഒക്ടോബർ 19നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വീട്ടമ്മയ്ക്കൊപ്പം കാണാതായെന്ന് കരുതിയിരുന്ന രാജേഷിന്റെ അറസ്റ്റോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്.

തനിക്കടുപ്പമുണ്ടായിരുന്ന വീട്ടമ്മയെ 2014 സെപ്തംബർ 6ന് രാത്രി കുപ്പണയിലെ വീട്ടിലേക്ക് രാജേഷാണ് വിളിച്ചു വരുത്തിയത്. സുഹൃത്തുമായി കിടക്കപങ്കിടാൻ നിർബന്ധിച്ചെങ്കിലും വീട്ടമ്മ വിസമ്മതിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ഇവരെ കൊന്ന് സെപ്ടിക് ടാങ്കിൽ തള്ളി. തുടർന്ന് രാജേഷ് രാത്രി തന്നെ നാട്ടിൽ നിന്ന് മുങ്ങി. രാജേഷും വീട്ടമ്മയും ഒരുമിച്ച് നാട് വിട്ടെന്നാണ് നാട്ടുകാർ കരുതിയത്. രണ്ടാം പ്രതി വിദേശത്തേക്കും പോയി. അവിടെ ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്താണ് പ്രതിയിൽ നിന്ന് വിവരമറിഞ്ഞ് പൊലീസിന് ഊമക്കത്തയച്ചത്. ഒടുവിൽ വീട്ടുകാരിലൂടെ സമ്മർദ്ദം ചെലുത്തിയാണ് 2015 നവംബറിൽ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൊലക്കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും.