kevin

കൊച്ചി : സാർ, ഒന്നു ചോദിച്ചോട്ടേ ! എസ്.ഐ എം.എസ്.ഷിബുവിന്റെ തുറുപ്പുഗുലാനിൽ കൊച്ചി റേഞ്ച് ഐ.ജി വിജയ്‌ സാഖറെയ്‌ക്ക് ഉത്തരം മുട്ടി. കെവിൻ കൊലപാതക കേസിൽ ഷിബുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള ഫയൽ ഐ.ജി ക്‌ളോസ് ചെയ്‌തു.

വരാപ്പുഴയിൽ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസായിരുന്നു ആ തുറുപ്പുഗുലാൻ. ഐ.ജി പിരിച്ചുവിടൽ നോട്ടീസ് നൽകിയതോടെ കാര്യങ്ങൾ നേരിട്ട് ബോധിപ്പിക്കാൻ അവസാന അവസരമെന്ന നിലയിലായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച.

' സർ, ഞാൻ നേരിട്ട് കുറ്റുകൃത്യത്തിൽ ഏർപ്പെട്ടിട്ടില്ല. കൃത്യവിലോപമാണ് ആരോപിക്കപ്പെടുന്നത്. വീഴ്ചയിൽ ശിക്ഷ ലഭിക്കുമെന്നുമറിയാം. സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിറക്കുന്നതിന് മുമ്പ് സാർ മറ്റൊരു കേസ് പരിഗണിക്കണം. വരാപ്പുഴ കേസിൽ എസ്.പിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ടൈഗർ ഫോഴ്സ് സ്‌ക്വാഡിലെ മൂന്നു പൊലീസുകാരാണ് ശ്രീജിത്തിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കസ്‌റ്റഡിയിൽ എടുത്തത്. ശ്രീജിത്ത് മരിച്ചപ്പോൾ പൊലീസുകാർ സസ്‌പെൻഷനിലായി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടും അവരെ പിരിച്ചുവിടാൻ ആരും ഉത്തരവിട്ടില്ല. സർ, അങ്ങനെയെങ്കിൽ എനിക്ക് നീതി നിഷേധിക്കുകയല്ലേ. പൊലീസിൽ രണ്ടു നീതി പാടുണ്ടോ'. ചാട്ടുളി പോലെയുള്ള ഷിബുവിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഐ.ജി സാഖറെ തല കുലുക്കി ഫയൽ അടച്ചു.

അച്ചടക്ക നടപടിയിലേക്കുള്ള സാഹചര്യം

 കെവിന്റെ അച്‌ഛനും നീനുവും പരാതി പറയാനെത്തിയപ്പോൾ തട്ടിക്കയറി

 കേസ് രജിസ്‌റ്റർ ചെയ്‌തില്ല

 മുഖ്യമന്ത്രിയുടെ ഡ്യൂട്ടിയുണ്ടെന്ന ന്യായം പറഞ്ഞ് പരാതി അവഗണിച്ചു

 വി.ഐ.പി ഡ്യൂട്ടിക്ക് ശേഷം പ്രതികളെ പിടികൂടാൻ തെന്മലയ്‌ക്ക് പോകാൻ എസ്.പി നിർദ്ദേശിച്ചിട്ടും അവഗണിച്ചു