modi-cabinet-

ശ്രീ.നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിലൂടെ സർവതലസ്പർശിയായ വളർച്ചയുടെ വലിയൊരു കുതിച്ചുചാട്ടത്തിന് ഇന്ത്യാ മഹാരാജ്യം അരങ്ങാവുകയാണ് .ഭരണരംഗത്ത് പരിചയ സമ്പന്നരായവരുടെ വലിയ ഒരു നിരയ്ക്കൊപ്പം, രാഷ്ട്രീയ രംഗത്ത് അനുഭവശേഷിയും മികവും തെളിയിച്ചവരെക്കൂടി തന്റെ ടീമിൽ ഉൾപ്പെടുത്താൻ മോദി പ്രത്യേകം ശ്രദ്ധിച്ചു.

എൻ.ഡി.എയെ പൂർണമായി കൈവിട്ടിട്ടും കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവഗണിച്ചില്ലെന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്.വി.മുരളീധരനെ മന്ത്രിയാക്കിയതിലൂടെ കേരളത്തിന് തന്റെ ഹൃദയത്തിൽ ഇടമുണ്ടെന്ന വ്യക്തമായ സന്ദേശം നൽകാനും മോദിക്ക് കഴിഞ്ഞു.

ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഊർജ്ജസ്വലനായ നേതാവാണ് മുരളീധരൻ.എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.ബി.ജെ.പി കേരള അദ്ധ്യക്ഷനായി രണ്ടുവട്ടം പ്രവർത്തിച്ചു. നെഹ്റു യുവക് കേന്ദ്രയുടെ ഡയറക്ടർ ജനറലായിരുന്നു.തനിക്ക് ലഭിച്ച മന്ത്രിപദവി കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ അംഗീകാരമായിക്കാണുന്നുവെന്നും,കേരളത്തിന്റെ വികസനത്തിനായി നിലകൊള്ളുമെന്നും മുരളീധരൻ നടത്തിയ ആദ്യ പ്രതികരണം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രത്യാശ പകരുന്നതാണ്.മിക്കവാറും എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിദ്ധ്യം നൽകുന്നതിൽ ഒരു പരിധിവരെ മോദി സർക്കാർ വിജയിച്ചിരിക്കുകയാണ്.തന്റെ പാർട്ടിക്കും മുന്നണിക്കും തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളെക്കൂടി പരിഗണിക്കാൻ ശ്രദ്ധ കാട്ടിയതിലൂടെ ഒരു പാൻ ഇന്ത്യൻ പ്രതിച്ചായ മോദി സർക്കാരിന് ലഭിച്ചിട്ടുണ്ട്.

മോദിക്കൊപ്പം എൻ.ഡി.എ വിജയത്തിന്റെ സൂത്രധാരനായി വിശേഷിപ്പിക്കുന്ന പാർട്ടി അദ്ധ്യക്ഷൻ അമിത്ഷാ മന്ത്രിസഭാംഗമായിരിക്കുകയാണ്.അരുൺ ജെയ്റ്റ്ലിയുടെയും,സുഷമാസ്വരാജിന്റെയും അഭാവത്തിൽ അമിത് ഷായെപ്പോലെ കരുത്തനായ ഒരു നേതാവിന്റെ സാന്നിദ്ധ്യം മന്ത്രിസഭയ്ക്ക് മാറ്റു കൂട്ടുമെന്നതിൽ സംശയമില്ല.രാജ്നാഥ് സിംഗ്,നിതിൻ ഗഡ്കരി,രാംവിലാസ് പസ്വാൻ,നിർമ്മലാ സീതാരാമൻ ,നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്,മുക്താർ അബ്ബാസ് നഖ്വി, ധർമ്മേന്ദ്രപ്രധാൻ,സ്മൃഥി ഇറാനി,ഡോ.ഹർഷവർദ്ധൻ, പ്രകാശ് ജാവദേക്കർ,പീയൂഷ് ഗോയൽ,സദാനന്ദഗൗഡ,തവർചന്ദ് ഗെലോട്ട് തുടങ്ങി തഴക്കവും പഴക്കവുമുള്ള മന്ത്രിമാരുടെ എണ്ണം മോദി മന്ത്രിസഭയ്ക്ക് കരുത്തേകും. സത്യപ്രതിജ്ഞാ ചടങ്ങിലെ വിദേശരാഷ്ട്രത്തലവൻമാരുടെ സാന്നിദ്ധ്യം മോദിക്ക് ലഭിച്ച സാർവ്വദേശീയ അംഗീകാരത്തിന്റെ കൂടിത്തെളിവാണ്.

അഴിമതി രഹിതമെന്നു പറയാവുന്ന ആദ്യ മന്ത്രിസഭയ്ക്കു ശേഷം ഭരണത്തുടർച്ച നേടി മോദി വീണ്ടും വരുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയരുകയാണ്.കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് നടപ്പിലാക്കിയ പദ്ധതികൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഗുണം ചെയ്തുവെന്നതാണ് മോദിക്ക് രണ്ടാംവരവിൽ ലഭിച്ച വൻ ജനപിന്തുണ വ്യക്തമാക്കുന്നത്.വീടായാലും,വൈദ്യുതിയായാലും,ശൗചാലയമായാലും നിരവധി സേവനങ്ങൾ മോദിസർക്കാരിലൂടെ ജനങ്ങൾക്ക് ലഭിച്ചു.സൗജന്യ പാചകവാതകം,മുദ്രാ വായ്പ,തുടങ്ങിയ ക്ഷേമകരമായ പദ്ധതികൾ കോടിക്കണക്കിന് ജനങ്ങൾക്കാണ് പ്രയോജനമായത്.സുസ്ഥിരമായ ഭരണമാണ് ജനങ്ങൾക്കാവശ്യം.തമ്മിലടിക്കുന്ന പ്രതിപക്ഷ സഖ്യങ്ങളെ ജനം തള്ളിക്കളഞ്ഞതിൽ അതിശയിക്കാനൊന്നുമില്ല.

സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് കേരളത്തിന്റെയും ബംഗാളിന്റെയുമൊക്കെ മുഖ്യമന്ത്രിമാർ വിട്ടു നിന്നതിന് കാരണമായി രാഷ്ട്രീയ നിലപാടുകൾ ഉയർത്തിക്കാട്ടാമെങ്കിലും സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ അത്തരമൊരു വിദ്വേഷ രാഷ്ട്രീയ നിലപാട് ഗുണകരമാവുകയില്ല.കേരളത്തിനാവശ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കാൻ കേരള സർക്കാർ തയ്യാറാകുമെന്നും അതിന് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

ഇന്ത്യയെ ആഴത്തിൽ അറിഞ്ഞ പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.നെഹ്റു ഇന്ത്യയെ കണ്ടെത്തുകയായിരുന്നു.നെഹ്റുവിനു ശേഷം ഇന്ത്യയെ സമഗ്രമായി അറിയുകയും സ്വരക്തത്തിൽ ഇന്ത്യയെ സ്വാംശീകരിക്കുകയും ചെയ്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.ഇന്ത്യ മോദിയെ കണ്ടെത്തുകയായിരുന്നു.

ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ മുന്നണിയിൽ ചിരപ്രതിക്ഷ്ഠ നേടിക്കൊടുത്തുവെന്നതാണ് നെഹ്റുവിന്റെ വലിയ സംഭാവന .നെഹ്റുവിലൂടെ ഇന്ത്യയുടെ ശബ്ദം ലോകം ശ്രദ്ധിക്കുകയായിരുന്നു.നെഹ്റുവിനു ശേഷം ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അഭിമാന പൂർണ്ണവും അനിഷേധ്യവുമായ സ്ഥാനം നേടിക്കൊടുക്കുകയും വൻശക്തികളിലൊന്നായി ഇന്ത്യയെ മാറ്റിയെടുക്കുകയും ചെയ്തത് മോദിയാണ്.സൂക്ഷ്മമായ അപഗ്രഥനത്തിൽ മോദി എന്ന ഭരണാധികാരിയുടെ വ്യക്തിത്വത്തെ തിളക്കുന്ന മറ്റൊരു വസ്തുത കൂടി ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.ഇന്ത്യയെ മോദി ഭൗതിക തലത്തിൽ മാത്രമല്ല ആത്മീയ തലത്തിൽ കൂടി അറിയുകയും ഹൃദയത്തിൽ ഉൾക്കൊള്ളുകയും ചെയ്തുവെന്നതാണ് ആ സത്യം.

ഇല്ലായ്മകളുടെയും അവഗണനകളുടെയും പരിമിതികളുടെയും ഇരുൾ നിറഞ്ഞ കാലത്തിൽ നിന്നാണ് മോദി എന്ന സാധാരണ മനുഷ്യൻ ഇന്നു കാണുന്ന വെള്ളിവെളിച്ചത്തിലേക്ക് ഉയർന്നുവന്നത്.അതിനു അദ്ദേഹം നൽകിയ വില അത്ര ചെറുതൊന്നുമല്ല.ആത്മത്യാഗത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും കഠിനമായ വഴികളിലൂടെയാണ് മോദി നടന്നുവന്നത്.

ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന സാരഥിയായിരിക്കുമ്പോൾ മോദിയെന്ന വ്യക്തിയെ ആത്മത്യാഗത്തിന്റേതായ ആ ഭൂതകാലം കൂടുതൽ കൂടുതൽ കരുത്തനാക്കുമെന്നതിൽ സംശയമില്ല.ഇന്ത്യയുടെ അന്തസ്സും ചരിത്രവും സാംസ്കാരിക മൂല്യങ്ങളും ലോകത്തിന്റെ മുന്നിൽ ഉയർത്തിപ്പിടിക്കുന്നതിനും, ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന ദരിദ്രരും അശരണരുമായ മനുഷ്യർക്ക് ഭാസുരമായ ഒരു ഭാവി പ്രധാനം ചെയ്യുന്നതിനും, ഇന്ത്യയുടെ യഥാർത്ഥ അവകാശികളായ കർഷകരുടെയും,തൊഴിലാളികളുടെയും, ആദിവാസികളുടെയും ജീവിതം ദുരിതമുക്തമാക്കുന്നതിനും മോദിയുടെ കരങ്ങൾക്ക് അക്ഷയമായ ശക്തിയുണ്ടാകട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു.

വികസനവും കരുതലും എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭ്യമാകുന്ന പുതിയൊരു യുഗപ്പിറവിയായി മാറട്ടെ നരേന്ദ്രമോദിയുടെ രണ്ടാം വരവ്.