ന്യൂഡൽഹി: സ്വന്തം പാർട്ടിയിലെ നേതാക്കൾ വിടാതെ പിന്തുടർന്നിട്ടും മുഖം കൊടുക്കാൻ തയ്യാറാകാതിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ഇന്നലെ എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ വിഷയമായതായാണ് റിപ്പോർട്ട്. കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് രാഹുൽ തന്നെ തുടരണമെന്ന് പവാർ ആവശ്യപ്പെട്ടെന്നാണ് സൂചന. അതേസമയം, ലോക്സഭയിൽ പ്രതിപക്ഷമാകാൻ വേണ്ട ഭൂരിപക്ഷം ഇത്തവണയും കോൺഗ്രസിന് ലഭിക്കാത്ത സാഹചര്യത്തിൽ എൻ.സി.പിയുമായുള്ള ലയനചർച്ചകൾക്കും ഇരുവരുടെയും കൂടിക്കാഴ്ച വഴിതുറക്കുന്നതായാണ് സൂചന. ലോക്സഭയിൽ പ്രതിപക്ഷമാകാൻ 55 സീറ്റാണ് ആവശ്യം. എന്നാൽ, 52 സീറ്റുകൾ മാത്രമുള്ള കോൺഗ്രസിന് തനിച്ച് പ്രതിപക്ഷസ്ഥാനവും കിട്ടാനിടയില്ല. അഞ്ചു സീറ്റുകളുള്ള എൻ.സി.പി, കോൺഗ്രസിൽ ലയിച്ചാൽ, പ്രതിപക്ഷത്തിനായി കോൺഗ്രസിന് അവകാശവാദം ഉന്നയിക്കാവുന്ന സാഹചര്യത്തിലാണ് ഇരുപാർട്ടികളുടെയും നേതാക്കളുടെ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഇന്നലെ രാഹുലിനെ സന്ദർശിച്ച് രാജി ഒഴിവാക്കാൻ അഭ്യർത്ഥിച്ചിരുന്നു. കുമാരസ്വാമി - രാഹുൽ കൂടിക്കാഴ്ചയിൽ യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഗാർഗെ, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദ്വിഗ്‌വിജയ് സിംഗ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ജൂൺ 1 ന് നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി മീറ്റിംഗിന് മുന്നോടിയായിട്ടാണ് നേതാക്കളുടെ കൂടിക്കാഴ്ചകൾ.
പിണങ്ങിമാറി, പിന്നെ ഇണങ്ങി
1999-ൽ സോണിയാഗാന്ധിയുടെ വിദേശപൗരത്വം വിഷയമാക്കിയാണ് ശരത് പവാർ, പി.സാംഗ്മ, താരീഖ് അൻവൻ എന്നീ പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ടത്. ഇവർ പിന്നീട് നാഷണൽ കോൺഗ്രസ് പാർട്ടി(എൻ.സി.പി) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. ആദ്യം കോൺഗ്രസുമായി അകന്നു നിന്നെങ്കിലും പിന്നീട് എൻ.സി.പി യു.പി.എയുടെ നിർണായക ഭാഗമാവുകയായിരുന്നു.
ചാനൽ ചർച്ചകൾ വേണ്ട
അതേസമയം, കോൺഗ്രസ് വക്താക്കൾ ഒരുമാസത്തേക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന്
കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ട്വിറ്ററിലൂടെ അറിയിച്ചു.
കോൺഗ്രസ് പ്രതിനിധികളെ ചാനൽ ചർച്ചകളിൽ ഉൾപ്പെടുത്തേണ്ടെന്നും മാദ്ധ്യമങ്ങളോട് സുർജേവാല അഭ്യർത്ഥിച്ചു. മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന ഊഹാപോഹങ്ങൾ ഒഴിവാക്കാനായിട്ടാണ് പുതിയ നിർദേശം.
എന്നാൽ പ്രാദേശിക നേതാക്കൾ മാദ്ധ്യമ ചർച്ചകളിൽ പങ്കെടുക്കണമോയെന്ന് അതത് പി.സി.സികൾക്ക് തീരുമാനിക്കാമെന്ന് എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു.