കൊച്ചി: ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാക്കണക്കുകൾ കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ) ഇന്ന് പുറത്തുവിടും. കേന്ദ്രത്തിൽ തുടർഭരണം നേടി നരേന്ദ്ര മോദി സർക്കാരിന് ഏറെ നിർണായകമാണ് കണക്കുകൾ. 2017-18ൽ ഇന്ത്യ 7.2 ശതമാനം വളർന്ന്, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം നിലനിറുത്തിയിരുന്നു. എന്നാൽ, ഇക്കുറി പ്രതീക്ഷിക്കുന്ന വളർച്ച ഏഴ് ശതമാനമോ അതിൽ താഴെയോ ആണ്.
ജനുവരി-മാർച്ച് ത്രൈമാസത്തിലെ വളർച്ചാനിരക്കും ഇന്നറിയാം. 2017-18 ജനുവരി - മാർച്ചിൽ ഇന്ത്യ 7.8 ശതമാനവും കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 6.6 ശതമാനവും വളർച്ച കൈവരിച്ചിരുന്നു. അതേസമയം, ഇക്കുറി 5.9 ശതമാനം മുതൽ 6.6 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വളർച്ച 6.4 ശതമാനത്തിന് താഴെയാണെങ്കിൽ ലോകത്തെ ഏറ്രവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യയ്ക്ക് നഷ്‌ടമാകും. ഇന്ത്യയുടെ ബദ്ധ എതിരാളിയായ ചൈന കഴിഞ്ഞപാദത്തിൽ 6.4 ശതമാനം വളർന്നിരുന്നു.
ജി.ഡി.പി വളർച്ചാ നിർണയത്തിന്റെ മുഖ്യഘടകങ്ങളായ വാഹന വില്‌പന, വിമാനയാത്രക്കാരുടെ എണ്ണം, കയറ്റുമതി വരുമാനം, റെയിൽ ചരക്കുനീക്കം, പെട്രോളിയം ഉത്‌പന്ന ഉപഭോഗം എന്നിവയിലുണ്ടായ കുറവാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലും തളർച്ച പ്രകടമാണ്. വാഹന വില്‌പന ഏപ്രിലിൽ 16 ശതമാനമാണ് ഇടിഞ്ഞത്. വിമാനയാത്രക്കാരുടെ എണ്ണം ഏപ്രിലിൽ അഞ്ചുവർഷത്തെ താഴ്‌ചയിലേക്ക് വീണു. കയറ്റുമതി നേട്ടം വെറും 0.64 ശതമാനമായി ഒതുങ്ങി. വ്യാപാരക്കമ്മി 1,089 കോടി ഡോളറിൽ നിന്ന് 1,533 കോടി ഡോളറായി വർദ്ധിച്ചതും തിരിച്ചടിയാണ്.
7%
കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) ഇന്ത്യയുടെ ജി.ഡി.പി വളർച്ച ഏഴ് ശതമാനത്തിന് താഴെ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. ഇത് 6.6 ശതമാനം വരെ താഴാനും സാദ്ധ്യതയുണ്ട്.
6.4%
ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ ചൈനയുടെ വളർച്ച 6.4 ശതമാനമാണ്. ഇന്ത്യ പ്രതീക്ഷിക്കുന്ന വളർച്ച 5.9 മുതൽ 6.6 ശതമാനം വരെയാണ്. വളർച്ച 6.4 ശതമാനത്തിന് താഴെയാണെങ്കിൽ ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം ഇന്ത്യയ്ക്ക് നഷ്‌ടമാകും.
വളർച്ച ഇതുവരെ
(2018-19)
ഏപ്രിൽ-ജൂൺ : 8.0%
ജൂലായ്-സെപ്‌തം: 7.0%
ഒക്‌ടോ-ഡിസം: 6.6%
(2017-18 ജനുവരി - മാർച്ചിൽ ഇന്ത്യ 7.7 ശതമാനം വളർന്നിരുന്നു)