കുണ്ടറ: സാങ്കേതിക പരിശീലനം സിദ്ധിച്ചവരുടെ പ്രസക്തി ഏറെ വർദ്ധിച്ച സാഹചര്യത്തിൽ ഐ.ടി. ഐകളിൽ പുതിയ കോഴ്സുകൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ പറഞ്ഞു. ചന്ദനത്തോപ്പ് ഗവൺമെന്റ് ഐ. ടി. ഐയിൽ ഇന്റർ ഐ.ടി. ഐ കലോത്സവം "അതിജീവനത്തിന്റെ വിളംബരം" ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയലിൻ വായിച്ചുകൊണ്ടാണ് മന്ത്രി കലോത്സവ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്.
പഠനത്തിനിടെ നിരന്തരം പ്രായോഗിക പരിശീലനം ലഭിക്കുന്നതിനാൽ എൻജിനീയറിംഗ് കോഴ്‌സുകൾ പാസ്സാകുന്നവരേക്കാൾ ഇക്കൂട്ടർക്ക് പ്രായോഗിക കഴിവുകൾ ഏറെയാണെന്ന് മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ എസ്. എൽ സജികുമാർ അധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് ഇൻസ്‌പെക്ടർ പി. കെ ഇന്ദിര, പ്രിൻസിപ്പൽ ബി. വിജയൻ, ആദർശ് എം സജി എന്നിവർ സംസാരിച്ചു. ഇന്റർ ഐ. ടി. ഐ യൂണിയൻ ചെയർപേഴ്സൺ സൽമ സുലൈമാൻ സ്വാഗതവും ഐ. ടി. ഐ യൂണിയൻ സെക്രട്ടറി എസ്. നന്ദുലാൽ കൃതജ്ഞതയും പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കരിക്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര സമ്മേളനവേദിയിൽ എത്തിച്ചേർന്നു.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവ മത്സരങ്ങളിൽ 25 ഇനങ്ങളിൽ സംസ്ഥാനത്തെ 97 ഗവണ്മെന്റ് ഐ. ടി .ഐകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്നുണ്ട്.