ന്യൂഡൽഹി : രാഷ്ട്രപതി ഭവൻ അങ്കണത്തിൽ 'നരേന്ദ്രദാമോദർ ദാസ് മോദി എന്ന ഞാൻ' എന്ന സത്യപ്രതിജ്ഞാ വാചകം രണ്ടാമതും മുഴങ്ങി. വൻ ആരവങ്ങളാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയപ്പോഴും സത്യപ്രതിജ്ഞ ചെയ്തപ്പോഴും കാണികളിൽ നിന്ന് ഉയർന്നത്.
മോദിക്ക് പിന്നാലെ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിംഗായിരുന്നു. ഇതോടെ മന്ത്രിസഭയിലെ രണ്ടാമനാരാകും എന്ന ചോദ്യങ്ങൾക്ക് അവസാനമാകും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒന്നാമത് ബി.ജെ.പി സർക്കാരിന്റെ കാലത്തും ആഭ്യന്തരമന്ത്രിപദം രാജ്നാഥ് സിംഗിനായിരുന്നു, തുടർച്ചയായ രണ്ടാം തവണയും രാജ്നാഥ് സിംഗ് ആ പദവിയിൽ എത്തുമെന്നാണ് കരുതുന്നത്.
മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്കും വൻ കൈയടികളാണ് ലഭിച്ചത്. പ്രതിരോധമോ ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നാണ് സൂചന. പാർട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീട് തീർത്തും നാടകീയമായി അവസാനനിമിഷം അമിത് ഷാ എത്തുകയായിരുന്നു. അരുൺ ജയ‍്‍റ്റ്‍ലി പിൻമാറിയ സാഹചര്യത്തിൽ താക്കോൽ സ്ഥാനത്തേക്ക് തന്നെ ഷാ എത്തുകയായിരുന്നു.
പിന്നീട് നിതിൻ ഗഡ്കരിയും, നിർമലാ സീതാരാമനും, രാംവിലാസ് പസ്വാനും, നരേന്ദ്രസിംഗ് തോമറും രവിശങ്കർ പ്രസാദും ഹർസിമ്രത് കൗർ ബാദലും തവർ ചന്ദ് ഗെഹ്‍ലോട്ടും സത്യപ്രതിജ്ഞ ചെയ്തു.