മനില: മരംനട്ടാൽ ബിരുദം കിട്ടുമോ? ചോദ്യം അല്പം തിരുത്തി ചോദിക്കാം. ബിരുദം കിട്ടണമെങ്കിൽ മരം നടണോ? വേണമെന്നാണ് ഫിലിപ്പീൻസ് സർക്കാർ പറയുന്നത്. ബിരുദം വേണമെന്നുള്ള എല്ലാ ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും 10 മരം വീതം നടണമെന്ന പുതിയ നിയമമാണ് ഫിലിപ്പീൻസിലുള്ളത്.
എല്ലാ വിദ്യാർത്ഥികളും ഗ്രാജുവേഷൻ പൂർത്തിയാക്കും മുമ്പ് 10 മരം നടണമെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. മരം നടുന്നത് ഒരു പാരമ്പര്യമാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് പുതിയ നിയമം ഫിലിപ്പീൻസ് പാസാക്കിയത്. മാത്രമല്ല, ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെ നേരിടാൻ കൂടിയാണ് സ്വാഗതാർഹമായ ഈ തീരുമാനം. ഫിലിപ്പീനിലെ മഗ്ഡാലോ പാർട്ടിയുടെ പ്രതിനിധിയായ ഗാരി അലേജാനോവാണ് പുതിയ നിയമ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച സാമാജികൻ.
പുതിയ നിയമത്തിലൂടെ ഓരോ വർഷവും ഏറ്റവും ചുരുങ്ങിയത് 1750 ലക്ഷം മരങ്ങളെങ്കിലും വച്ചുപിടിപ്പിക്കപ്പെടുമെന്നാണ് ഫിലിപ്പീൻ സർക്കാർ കരുതുന്നത്. നിലവിലെ കാടുകളിലും കണ്ടൽക്കാടുകളിലും സംരക്ഷിത മേഖലയിലും ഉപേക്ഷിക്കപ്പെട്ട ഇടങ്ങളിലും ഖനനമേഖലയിലും തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലും മരങ്ങൾ വച്ചുപിടിക്കാനാണ് സർക്കാർ നിർദേശം. ലോകത്ത് ഏറ്റവും വേഗം വനനശീകരണം നടക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയതോടെയാണ് ഫിലിപ്പീൻസിന്റെ ഈ കരുതൽ നടപടി. ഇരുപതാം നൂറ്റാണ്ടിൽ 70 ശതമാനം വനമേഖലയുണ്ടായിരുന്ന ഫിലിപ്പീനിൽ 20 ശതമാനം മാത്രമാണ് ഇപ്പോൾ വനമുള്ളത്.