benjamin-

ജെറുസലേം: പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കഴിയാതെ വന്നതോടെ ഇസ്രായേലിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ മാസമാണ് ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. നെതന്യാഹുവിന്റെ ഉറ്റ സഖ്യകക്ഷിയും പിന്നീട് പ്രധാന എതിരാളിയുമായി മാറിയ മുൻ പ്രതിരോധ മന്ത്രി അവിഗ്‌ഡോർ ലിബർമാൻ സർക്കാരിന് പിന്തുണ നൽകാൻ വിസമ്മതിച്ചതോടെയാണ് എല്ലാ സന്ധി ചർച്ചകളും അവസാനിച്ചത്. ഇസ്രയേൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ നെതന്യാഹുവിന് ലിബർമാന്റെ തീവ്ര വലതുപക്ഷ പാർട്ടിയായ ‘ഇസ്രയേൽ ബെയതേനു’വിന്റെ പിന്തുണ അനിവാര്യമായിരുന്നു.

അതേസമയം, പാർലമെന്റ് പിരിച്ചുവിടുക എന്ന ആശയം അവതരിപ്പിച്ചത് നെതന്യാഹുവിന്റെ ‘ലികുഡ് പാർട്ടി’യാണ്. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് 42 ദിവസം പിന്നിട്ടിട്ടും ഭരണകൂടം രൂപീകരിക്കാൻ ഭൂരിപക്ഷം നേടിയ പാർട്ടിക്ക് കഴിഞ്ഞില്ല. അതോടെ മറ്റൊരു കക്ഷിയെ സർക്കാർ ഉണ്ടാക്കാൻ വിളിക്കാൻ പ്രസിഡന്റ് റുവെൻ റിവ്‌ലിൻ തയാറെടുക്കുകയായിരുന്നു. അതിനെ മറികടക്കാനാണ് നെതന്യാഹുവിന്റെ ശ്രമം. ഇസ്രായേലിൽ ആദ്യമായാണ് ഒരു വർഷംതന്നെ രണ്ട് പൊതുതിരഞ്ഞെടുപ്പുകൾ നടക്കുന്നത്.