തിരുവനന്തപുരം: കഴിഞ്ഞ വർഷം ട്രോഫിക് നിയമങ്ങൾ തെറ്റിച്ചതിന് 17,788 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയതായി കേരളാ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം വിവിധ അപകടങ്ങളിലായി 2035 ഇരുചക്ര വാഹന യാത്രക്കാരാണ് മരണപ്പെട്ടത്. 18-25 വയസ്സിന് ഇടയിൽ പ്രായമുള്ളവരാണ് ഇതിൽ ഏറെയുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സംസ്ഥാനത്ത വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ 17788 പേരുടെ ഡ്രൈവിംഗ് ലൈസെൻസുകൾ മോട്ടോർ വാഹനവകുപ്പ് റദ്ദാക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം കേരളത്തിൽ 40181 റോഡപകട കേസുകളാണ് രെജിസ്റ്റർ ചെയ്തത്. ഈ കേസുകളിലായി 4303
പേർ വാഹന അപകടങ്ങളിൽ കൊല്ലപ്പെടുകയും 45458 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരണപ്പെടുന്നവരിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. 2035 പേരാണ് ഈ വിഭാഗത്തിൽ മരണപ്പെട്ടത്. 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ.