അമേതി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബരൗലിയയിലെ മുൻ ഗ്രാമമുഖ്യനുമായ സുരേന്ദ്ര സിംഗിനെ വധിച്ചത് ബി.ജെ.പി പ്രവർത്തകരെന്ന് പൊലീസ്. ബി.ജെ.പി പ്രവർത്തകർക്കിടയിലെ പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിംഗ് പറഞ്ഞു.
കൊലയാളി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും സിംഗ് പറഞ്ഞു. അമേതിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചയാളെ സുരേന്ദ്ര സിംഗ് തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു
സ്വന്തം വീട്ടിൽവച്ച് സുരേന്ദ്ര സിംഗ് വെടിയേറ്റ് മരിച്ചത്. വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്ര സിംഗിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവയ്ക്കുകയായിരുന്നു.
ആചാരങ്ങൾ തെറ്റിച്ച് സുരേന്ദ്ര സിംഗിന്റെ ശവമഞ്ചം സ്മൃതി ഇറാനി ചുമന്നത് വലിയ വാർത്തയായിരുന്നു. കോൺഗ്രസാണ് സിംഗിന്റെ കൊലപാതകത്തിന് പിന്നിലെന്ന് സ്മൃതി ഇറാനി അന്ന് ആരോപിച്ചിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയ്ക്ക് വേണ്ടി സജീവ പ്രചാരണം നടത്തിയ ആളാണ് കൊല്ലപ്പെട്ട സുരേന്ദ്രസിംഗ്.