pratap-chandra-sarangi

ന്യൂ‌ഡൽഹി: നരേന്ദ്രമോദിയുടെ മന്ത്രിസഭയിൽ ലാളിത്യത്തിന്റെ പ്രതീകമായ ഒരു മന്ത്രിയുണ്ട്. ഒഡീഷയിൽ നിന്നുള്ള ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ള ഒരു എം.പി. ആർ.എസ്.എസ് പ്രവർത്തകനായി ഉയർന്നുവന്ന നേതാവ്. ആദിവാസികൾക്കിടയിൽ സേവനം നടത്തി കേന്ദ്രമന്ത്രിസഭയിലെത്തിയ പ്രതാപ് ചന്ദ്ര സാരംഗിയാണ് ആ നേതാവ്.

ആദിവാസി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന സാരംഗിക്ക് വൻ ജനപിന്തുണയാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടു തന്നെ സാരംഗിയെ 'ഒഡീഷ മോദി' എന്നാണ് വിളിക്കുന്നത്. ഒഡീഷയിലെ ബാലസോർ മണ്ഡലത്തിൽ നിന്ന് 12,​956 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ച് കയറിയത്. എതിർ സ്ഥാനാർത്ഥി ബി.ജെ.ഡിയുടെ കോടീശ്വരനായ രബീന്ദ്രജീനയെയാണ് പരാജയപ്പെടുത്തിയത്.

സാരംഗിയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളും വ്യത്യസ്തമായിരുന്നു. വാഹനവ്യൂഹങ്ങൾ ഉപയോഗിക്കാതെ സെെക്കിളിൽ ചുറ്റിനടന്നാണ് അദ്ദേഹം ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചിരുന്നത്. ഓട്ടോറിക്ഷയിലും സൈക്കിളിം പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. അവിവാഹിതനായ സാരംഗി അമ്മയോടൊപ്പം ഓലക്കുടിലിലായിരുന്നു താമസിച്ചിരുന്നത് . കഴിഞ്ഞ വർഷം അമ്മ മരണപ്പെട്ടതോടെ വീട്ടിൽ ഒറ്റയ്ക്കായി. ആദിവാസികളുടെ ക്ഷേമത്തിനായി ബാലസോറിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സാംരഗിയുടെ മേൽനോട്ടത്തിൽ സ്ഥാപിച്ചത്.