തൃശൂർ: മാദ്ധ്യമങ്ങളും ന്യൂനപക്ഷങ്ങളും ഇടതുവലതു മുന്നണികളും ചേർന്നാണ് കേരളത്തിൽ ബി.ജെ.പിയെ തോൽപ്പിച്ചതെന്ന് ബി.ജെ.പി വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. കേരളത്തിലുള്ളവർക്ക് വികസനം വേണ്ട മതേതരത്വം മതി എന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദാര്യമാണെന്നും ബി. ഗോപാലകൃഷ്ണൻ ഒരുമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേരളത്തിലുള്ളവർ മൂന്നുനേരവും മതേതരത്വം തിന്ന് വയർ നിറക്കട്ടെ. ഇവിടെ വികസനം വേണ്ട, മതേതരത്വം മതി. മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ഇടതു- വലതു മുന്നണിയും ചേർന്നാണ് കേരളത്തിൽ ബി.ജെ.പി.യെ തോൽപിച്ചത്. സംഘടിത ന്യൂനപക്ഷ വോട്ടാണ് പരാജയത്തിന്റെ മറ്റൊരു കാരണം.
എൻ.ഡി.എ സ്ഥാനാർഥികളെ തോൽപിക്കാൻ ക്രൈസ്തവ സഭ ബോധപൂർവ ശ്രമം നടത്തി. വത്തിക്കാന്റെ സ്വാധീനം ഇതിനു പിന്നിലുണ്ട്. കഴിഞ്ഞ തവണ മോദി സർക്കാരിൽ നിന്ന് കോടികളാണ് ക്രൈസ്തവ സഭ നേടിയെടുത്തത്. തിരുവനന്തപുരത്ത് വിജയം ഉറപ്പായിരുന്ന കുമ്മനം രാജശേഖരനെ ഇടതു മുന്നണി ക്രോസ് വോട്ട് ചെയ്താണ് തോൽപിച്ചതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.