തിരുവനന്തപുരം: താൻ മന്ത്രിയായല്ല ജനിച്ചതെന്നും മന്ത്രിയാക്കാത്തതിൽ വിഷമമില്ലെന്നും മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ അൽഫോൺസ് കണ്ണന്താനം . അതേസമയം മന്ത്രിയായിരുന്നപ്പോൾ നല്ലത് ചെയ്തെന്നും, ഇനി എം.പിയെന്ന നിലയിൽ ചെയ്യാനുള്ളതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് വളർച്ച പോരെന്നും ബംഗാളിലും ത്രിപുരയിലുമുണ്ടായ വളർച്ച കേരളത്തിനുണ്ടായില്ലെന്നും, കൂട്ടായ ശ്രമങ്ങളിലൂടെ വളർച്ച വേഗത്തിലാക്കണമെന്നും എം.പി കൂട്ടിച്ചേർത്തു.
'ജീവിതം എന്ന് പറഞ്ഞാൽ സന്തോഷിക്കാനുള്ളതാണ്. ഞാൻ മന്ത്രിയായല്ല ജനിച്ചത്. മന്ത്രിസ്ഥാനം വന്നു, നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.ഇപ്പോൾ എം.പിയായി തുടരുന്നു.മൂന്ന് വർഷവും രണ്ട് മാസവും ഉണ്ട്.ആരെ ക്യാബിനറ്റ് മന്ത്രിയാക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹമാണ്. ഇപ്രാവശ്യം കേരളത്തിൽ നിന്ന് മുരളീധരനെ തിരഞ്ഞെടുത്തു. വളരെ സന്തോഷം. അദ്ദേഹം അനുഭവ സമ്പത്തുള്ള നേതാവാണ്. അദ്ദേഹത്തിന് ആശംസകൾ നേരുന്നു. കേരളത്തിൽ 2014നേക്കാൾ ബി.ജെ.പി വോട്ടുകൾ നേടി. എന്നാൽ തൃപുരയിലൊക്കെ വളർച്ച പെട്ടെന്നാണ്. കേരളവും പെട്ടെന്ന് വളരണം.കൂട്ടായ ശ്രമങ്ങളിലൂടെ വളർച്ച വേഗത്തിലാക്കാം. രാജസ്ഥാനിൽ കുറച്ച് ഗ്രാമങ്ങൾ ദത്തെടുത്തിട്ടുണ്ട്. അവിടെപ്പോയി പ്രവർത്തിക്കണം. കേരളം എന്റെ ഹൃദയത്തിന്റെ ഭാഗമാണ്.'- കണ്ണന്താനം പറഞ്ഞു.
ഒന്നാം മന്ത്രിസഭയിൽ അംഗമായിരുന്ന അൽഫോൺസ് കണ്ണന്താനം പുതിയ മന്ത്രിസഭയിലുണ്ടാകുമെന്ന അവസാന നിമിഷം വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കണ്ണന്താനത്തെ കൂടാതെ സുരേഷ് ഗോപിയുടെയും, കുമ്മനം രാജശേഖരന്റെയുമൊക്കെ പേരുകൾ പ്രചരിച്ചിരുന്നു. എന്നാൽ നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിൽ ജാതകം തെളിഞ്ഞത് വി.മുരളീധരനാണ്. വി.മുരളീധരൻ മന്ത്രിയാക്കുക വഴി കേരളത്തിൽ ബി.ജെ.പിയ്ക്ക് വലിയ രാഷ്ട്രീയ സാധ്യതകൾ അഖിലേന്ത്യ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.