gold-smuggling

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ നിർണ്ണായക വഴിത്തിരിവ്. പ്രമുഖ സ്വർണ, വജ്ര നിർമ്മാണ വ്യാപാര സ്ഥാപനമായ പി.പി.എം. ചെയിൻസിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ്(ഡി.ആർ.ഐ) ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്. മുഹമ്മദലിയുടെ കോഴിക്കോടുള്ള വീട്ടിൽ ഡി.ആർ.ഐ പരിശോധന നടത്തി. കേരളത്തിലെ പ്രധാന ജില്ലകളിലും ദുബായിലുമായി ശാഖകളുള്ള സ്ഥാപനമാണ് പി.പി.എം ചെയിൻസ്.

പി.പി.എം. ചെയിൻസിന്റെ തിരുവനന്തപുരം ശാഖാ മാനേജർ ഹക്കീമും കമ്പനി ഡയറക്ടർമാരും ഇപ്പോൾ ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായിലെ സ്ഥാപനത്തിൽ നിന്നുമാണ് സ്വർണം വാങ്ങിയതെന്ന് പിടിയിലായ സെറീന പറഞ്ഞിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് തിരുമല സ്വദേശി സുനിലിനെയും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി സെറീനയെയും സ്വർണം കടത്തുന്നതിനിടെ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം. അനുകൂലിയും അഭിഭാഷകനുമായ ബിജുവിനും സ്വർണക്കടത്തുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

സ്വർണവുമായി എത്തിയ സെറീനയെയും സുനിലിനെയും കാത്ത് ബിജു വിമാനത്താവളത്തിന്റെ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. എന്നാൽ ഇരുവരെയും പൊലീസ് പിടികൂടിയപ്പോൾ ബിജു രക്ഷപ്പെടുകയായിരുന്നു. ബിജുവിന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ കാരിയർമാരായതെന്ന് സുനിലും സെറീനയും പറഞ്ഞിരുന്നു.