s-jaishankar
മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂഡൽഹി: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ മോദി മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയാണ് മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കറിന്റെ വരവ്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശ സെക്രട്ടറിയായിരുന്ന ജയ്ശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്‌തരിൽ ഒരാളാണ്. സങ്കീർണമായ പ്രതിസന്ധികളിൽ പോലും അസാമാന്യ നയതന്ത്ര വൈഭവം കാഴ്ച വച്ചിരുന്ന ജയ്ശങ്കർ ആരാണെന്ന് അറിയാം.

s-jaishankar

1955 ജനുവരി 9ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ച ജയ്ശങ്കർ സെന്റ് സ‌്‌റ്റീഫൻസ് കോളേജ്, ജവഹർ ലാൽ നെഹ്‌റു കോളേജ് എന്നിവിടങ്ങിളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1977 ബാച്ച് ഐ.എഫ്.എസുകാരനായ ജയ്ശങ്കർ ഇന്ത്യയുടെ അമേരിക്കൻ അംബാസിഡറായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ച വച്ചിരുന്നു. ചൈന, സിംഗപ്പൂർ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ അംബാസിഡറായി അദ്ദേഹം സേവനം അനുഷ്‌ടിച്ചു.

2014 - 15 കാലഘട്ടത്തിൽ അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറായിരിക്കെ ഇന്ത്യൻ - യു.എസ് ആണവ കരാർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ചൈനാ സന്ദർശനത്തിനിടെയാണ് മോദി ജയ്ശങ്കറുമായി പരിചയപ്പെടുന്നത്.

2015 ജനുവരി 29ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ജയ്ശങ്കർ നരേന്ദ്ര മോദി സർക്കാരിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിലും പ്രധാനിയായി.

2018വരെ വിദേശകാര്യ സെക്രട്ടറിയായി സേവനം അനുഷ്‌ടിച്ചു.

s-jaishankar

അരുണാചൽ പ്രദേശിനെച്ചൊല്ലി യുദ്ധത്തിന്റെ വക്കിൽ വരെ എത്തിച്ച ഡോക്‌ലാം പ്രശ്‌നത്തിൽ ചൈനയുമായി ചർച്ചകൾ നടത്തിയത് ജയ്ശങ്കറിന്റെ മിടുക്കായിരുന്നു.

മോദിയുടെ വിദേശയാത്രകളിൽ മിക്കതിലും അദ്ദേഹത്തെ അനുഗമിക്കുന്ന ജയ്ശങ്കറിന് 2019ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു.

 രണ്ടാം മോദി മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയ ജയ്ശങ്കർ വിദേശകാര്യ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ജയ്ശങ്കറിന്റെ മൂന്ന് പതിറ്റാണ്ട് കാലത്തെ വിദേശ നയതന്ത്ര രംഗത്തെ പരിചയം മുതലാക്കാനാണ് മോദിയുടെ തീരുമാനമെന്നാണ് സൂചന.