modi-government

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 303 സീറ്റുകൾ നേടി മിന്നുന്ന വിജയമാണ് സ്വന്തമാക്കിയാണ് ബി.ജെ.പി അധികാരത്തുടർച്ച നേടിയത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കേരളത്തിന്റെ വി.മുരളീധരനുമടക്കം 22 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 58 അംഗ രണ്ടാം എൻ.ഡി.എ സർക്കാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്നാൽ,​ ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെ നൽകും എന്നതിൽ സസ്‌പെൻസ് നിലനിൽക്കുകയാണ്. മന്ത്രിസഭ രൂപീകരിച്ച് അവസാനം വരെ അനിശ്ചിതത്വം നിലനിന്നതുപോലെ വകുപ്പുകളുടെ കാര്യത്തിലും രഹസ്യസ്വഭാവം ബി.ജെ.പി നിലനിറുത്തുന്നു.

ആരൊക്കെയാവും കേന്ദ്രമന്ത്രിമാരാകുകയെന്ന കാര്യം വളരെ രഹസ്യമായി സൂക്ഷിച്ച അമിത് ഷാ-മോദി കൂട്ടുകെട്ട് അവസാന നിമിഷമാണ് വിവരങ്ങൾ പുറത്തുവിട്ടത്. ആദ്യമായി കേന്ദ്ര ക്യാബിനറ്റിൽ ഇടം നേടിയ അമിത് ഷാ ധനമന്ത്രിയായേക്കും. രാജ്‌നാഥ് സിംഗ് ആഭ്യന്തര വകുപ്പിന്റെയും നിർമ്മല സീതാരാമാൻ പ്രതിരോധ വകുപ്പിന്റെയും മന്ത്രിമാരായി തുടരുമെന്നുമാണ് റിപ്പോർട്ടുകൾ.

അമേതിയിൽ രാഹുലിനെതിരെ മത്സരിച്ച് മികച്ച വിജയം നേടിയ സ്മൃതി ഇറാനിക്ക് പ്രാധാന്യമുള്ള വകുപ്പ് തന്നെ നൽകാനാണ് സാധ്യത. ഉപഭോക്തൃ വകുപ്പാണ് റാം വിലാസ് പാസ്വാൻ ലഭിക്കുക. രമേഷ് പൊക്രിയാൽ ആരോഗ്യ വകുപ്പും രവിശങ്കർ പ്രസാദ് നിയമകാര്യ മന്ത്രാലയവും ഭരിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രണ്ടാം എൻ.ഡി.എ സർക്കാരിൽ നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തവരിൽ 10 മന്ത്രിമാർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്രയിൽ നിന്നും ഏഴ് പേരും ബിഹാറിൽ നിന്നും ആറു പേരുമുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, കർണാടക തുടങ്ങിയ ബി.ജെ.പിക്ക് വലിയ പിന്തുണയുള്ള സംസ്ഥാനങ്ങളിൽ നിന്നും മൂന്നു കേന്ദ്രമന്ത്രിമാർ വീതമുണ്ട്. പശ്ചിമ ബംഗാൾ, ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും രണ്ടു വീതം മന്ത്രിമാർ.

യു.പിയിൽ നിന്നും നരേന്ദ്രമോദിക്ക് ഒപ്പം രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, മഹേന്ദ്രനാഥ് പാണ്ഡേ, സൻജീവ് ബല്യാണ്‍, സാധ്വി നിരഞ്ജൻ ജ്യോതി, വികെ സിംഗ്, സന്തോഷ് ഗാൻഗ്വാർ, ഹർദ്വീപ് സിംഗ് പുരി, മുക്താർ അബ്ബാസ് നഗ്വ്വി എന്നിവരുമുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും നിതിൻ ഗഡ്ഗരി, പ്രകാശ് ജാവേദ്ക്കർ, പിയൂഷ് ഗോയൽ, അരവിന്ദ് സവന്ത്, ദൻവേ പട്ടീൽ, രാംദാസ് അദാവ്ലേ,ഷംറാ ദോത്രേ എന്നിവരാണുള്ളത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായ വി.മുരളീധരൻ കേരളത്തിന്റെ പ്രതിനിധിയായി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിട്ടുണ്ട്.

അമിത് ഷായ്ക്ക് പകരക്കാരൻ ആര്?​

ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് അമിത് ഷായുടെ പിൻഗാമിയായി ജെ.പി നഡ്ഡയെത്തുമെന്നാണ് സൂചനകൾ. ഒന്നാം മോദി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി സ്ഥാനം വഹിച്ച ജെ.പി നഡ്ഡ സംഘടനാ തലത്തിൽ മികവ് തെളിയിച്ച നേതാവാണ്. റാം മാധവ്, ഭൂപേന്ദ്ര യാദവ് എന്നിവരുടെ പേരുകളും ബി.ജെ.പിയുടെ അമരത്തേയ്ക്ക് ഉയർന്നുകേൾക്കുന്നുണ്ട്. അതേസമയം,​ അമിത് ഷാ തന്നെ പാർട്ടി നേതൃപദവിയിൽ തുടരുകയും ജെ.പി നഡ്ഡയെ വർക്കിംഗ് പ്രസിഡന്റാക്കിയുള്ള ക്രമീകരണം നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്

ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ ഭുപേന്ദ്ര യാദവ് രാജ്യസഭാംഗമാണ്. ആർ.എസ്.എസിലൂടെ പയറ്റിത്തെളിഞ്ഞ നേതാവാണ് റാം മാധവ്. പി.ഡി.പിയുമായി ചേർന്ന് ജമ്മുകാശ്മീരിൽ സര്‍ക്കാരുണ്ടാക്കുന്നതിലും വടക്കുകിഴക്കൻ മേഖലയിൽ ബി.ജെ.പിയുടെ മുന്നേറ്റത്തിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട് റാം മാധവ്. ബംഗാളിൽ മമത ബാനർജിക്കെതിരെ പടനയിക്കുന്നതിൽ പ്രധാനിയായ കൈലാഷ് വിജയ വർഗിയയുടെ പേരും ബി.ജെ.പിയുെട ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയർന്നുകേൾക്കുന്നുണ്ട്.