തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം പിടിക്കാൻ ഒരുങ്ങിതന്നെ ഇറങ്ങിയിരിക്കുകയാണ് മൂന്നുമുന്നണികളും. ഇനി വരാൻ പോകുന്ന ആറ് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫും, യു.ഡി.എഫും. എറ്റവും പ്രാധാന്യം നൽകുന്നതും വട്ടിയൂർക്കാവിനാണ്. യു.ഡി.എഫിന്റെ കാര്യം എടുക്കുകയാണെങ്കിൽ കെ.മുരളീധരന്റെ സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്നതാണ് അവർക്ക് മുന്നിലുളള ഏറ്റവും വലിയ കടമ്പ. എൻ.എസ്.എസ് സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇതിനാൽ കെ.പി.സി.സി. നിർവാഹക സമിതി അംഗം ശാസ്തമംഗലം മോഹൻ കോൺഗ്രസ് പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ പ്രധാനിയാണ്,
എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേടിയ ഉജ്ജ്വല വിജയം യു.ഡി.എഫിന് സഹായകമാകും എന്നും കരുതപ്പെടുന്നു. സിറ്റിംഗ് സീറ്റെന്ന ആനുകൂല്യവും ലോക്സഭാ വിജയവുമാണ് ഈ മണ്ഡലത്തിൽ യു.ഡി.എഫിന്റെ പ്രധാന പ്രതീക്ഷ. എന്നാൽ ആര് സ്ഥാനാർത്ഥിയാകും എന്നുള്ള കാര്യത്തിൽ യു.ഡി .എഫിൽ തർക്കം മൂർച്ഛിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പത്മജാ വേണുഗോപാൽ, തമ്പാനൂർ രവി, പാലോട് രവി, കെ.മോഹൻകുമാർ, യുവനേതാക്കളായ ജ്യോതി വിജയകുമാർ, ആർ. വി രാജേഷ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. വട്ടിയൂർക്കാവ് എം,എൽ.എ ആയിരുന്ന കെ.മുരളീധരന്റെ അഭിപ്രായത്തിനും വിലയുണ്ടാകും.
2016 വട്ടിയൂർക്കാവിൽ രണ്ടാമതെത്തിയ ബി.ജെ.പി. ഇത്തവണ അത് ഒന്നാമതാക്കാനാകും ശ്രമിക്കുക. 3000 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ബി.ജെ.പി. ഇവിടെ പിന്നിലായത്. ആ കുറവ് നികത്താനായി ശബരിമല വിഷയത്തിലെ മുൻ നിലപാട് ബി.ജെ.പി. മാറ്റിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തിരിച്ചടിയായെന്ന് കണ്ടായിരുന്നു ബി.ജെ.പിയുടെ പുതിയ നീക്കം. അതുകൊണ്ട്, ഇത്തവണ വികസനം എന്നതാണ് ബി.ജെ.പിയുടെ പ്രചാരണായുധം.ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മുൻ സംസ്ഥാന സെക്രട്ടറി ആർ.വി രാജേഷ്, എന്നിവരുടെ പേരുകളാണ് ബി.ജെ.പി. വട്ടിയൂർക്കാവിലേക്ക് പരിഗണിക്കുന്നത്.കുമ്മനത്തിനെയും ഈ സീറ്റിൽ വീണ്ടും മത്സരിപ്പിക്കാൻ ബി.ജെ.പി ആലോചിക്കുന്നുണ്ട്. സുരേഷ് ഗോപിയേയും പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും രാജ്യസഭാംഗമെന്ന സ്ഥാനം വിട്ട് അദ്ദേഹം വരുമോ എന്ന് ആശങ്കയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിച്ച മൂന്നാം സ്ഥാനത്തിൽ നിന്നും കരകയറുക എന്നതാണ് ഇടതുപക്ഷ മുന്നണിയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല ബി.ജെ.പിക്ക് പിന്നിലായെന്ന നാണക്കേടും ഇടതുപക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്. എൽ.ഡി.എഫ് സർക്കാർ കേരളം ഭരിക്കുമ്പോൾ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നായ വട്ടിയൂർക്കാവിൽ എന്ത് വില കൊടുത്തും ജയം നേടുക എന്നതാണ് അവരുടെ പദ്ധതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി സി. ദിവാകരന് ഈ മണ്ഡലത്തിൽ 29,414 വോട്ടുകൾ മാത്രമാണ് നേടാനായത്. എ.എ. റഷീദ്, എസ്. പി ദീപക് എന്നിവരാണ് സ്ഥാനാർത്ഥി ലിസ്റ്റിലുള്ളത്. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, വി. ശിവൻകുട്ടി എന്നിവരും പരിഗണനാ ലിസ്റ്റിലുണ്ട്.