ന്യൂഡൽഹി: 8000 ത്തോളം അതിഥികളെ സാക്ഷിനിർത്തി ഇന്നലെ വൈകീട്ട് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു. അമിത് ഷായും നിർമ്മലാ സീതാരാമനും ഉർപ്പെടെയുള്ള 58 മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം സത്യവാചകം ചൊല്ലി. എന്നാൽ മന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളിലുണ്ടായിരുന്ന മുൻ കേന്ദ്രമന്ത്രിമാരിൽ ചിലർ 58 പേരുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല. മേനക ഗാന്ധിയും ആനന്ദ് കുമാർ ഹെഗ്ഡെയുമുൾപ്പെടെയുള്ള നരേന്ദ്ര മോദിയുടെ ഒന്നാം മന്ത്രിസഭയിലുള്ള പലർക്കും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചില്ല.
ഒന്നാം മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വികസന മന്ത്രിയായിരുന്നു മേനക ഗാന്ധി. മുസ്ലീങ്ങൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവർ ബുദ്ധിമുട്ടനുഭവിക്കുമെന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ മേനകയുടെ പരാമർശം വിവാദമായിരുന്നു. ' മുസ്ലീങ്ങളുടെ വോട്ടില്ലാതെ ഞാൻ വിജയിച്ചാൽ, പിന്നെയൊരു ആവശ്യത്തിനായി അവരെന്നെ സമീപിക്കുമ്പോൾ ഞാൻ ചിന്തിക്കും എന്തിന് അവരെ സഹായിക്കണമെന്ന്' ഇതായിരുന്നു ഉത്തർപ്രദേശിലെ റാലിക്കിടെയിൽ മേനകയുടെ പരാമർശം. ഈ വിവാദ പരാമർശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ മേനകയെ താൽക്കാലികമായി പ്രചാരണത്തിൽ നിന്ന് വിലക്കിയിരുന്നു.
ഒന്നാം മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ആനന്ദ് കുമാർ ഹെഗ്ഡെയ്ക്കും ഇത്തവണ മന്ത്രിക്കസേര ഇല്ല.ഉത്തര കന്നഡ ലോക്സഭയിൽ നാല് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച വ്യക്തിയാണ് ആനന്ദ്. ഈയടുത്തായി ഗോഡ്സെ രാജ്യ സ്നേഹിയാണെന്ന ബി.ജെ.പി എംപിയായ പ്രഗ്യ സിംഗിന്റെ പരാമർശത്തെ അനുകൂലിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. വിവർശനങ്ങൾ വന്നപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.
കൂടാതെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും ആനന്ദ് കുമാറിന്റെ ഭാഗത്ത് നിന്ന് വിവാദ പരാമർശം ഉണ്ടായിരുന്നു. രാഹുല്‍ സങ്കരയിനമാണ് എന്നായിരുന്നു പരാമർശം. ഇത്തരത്തിലുള്ള പരാമർശങ്ങളാണ് മേനക ഗാന്ധിയുടെയും ആനന്ദ് കുമാർ ഹെഗ്ഡെയുടെയും മന്ത്രിസ്ഥാനം പോകാൻ കാരണമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.