namo

നോട്ടുനിരോധനം, ചരക്ക് സേവന നികുതി, മിന്നലാക്രമണം... നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ അഞ്ച് വർഷങ്ങൾ സംഭവ ബഹുലമായിരുന്നെങ്കിലും അടുത്ത അഞ്ച് വർഷം ആവനാഴിയിൽ കാത്തുവച്ചിരിക്കുന്ന സർപ്രൈസുകൾ എന്തൊക്കെയാണെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അപ്രതീക്ഷിത തിരിച്ചടിയിൽ തകർന്ന പ്രതിപക്ഷം സർക്കാരിന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനായി ഇറങ്ങിത്തിരിക്കുമെന്ന കാര്യം ഉറപ്പായിരിക്കെ വീഴ്‌ചകളില്ലാത്ത ഭരണമാണ് മോദിയും കൂട്ടരും ലക്ഷ്യമിടുന്നത്. ഇതുവരെ പാർട്ടിയുടെ അദ്ധ്യക്ഷനായി നിന്ന് തന്ത്രങ്ങൾ മെനഞ്ഞ അമിത് ഷാ കൂടി മന്ത്രിസഭയിലേക്ക് എത്തുന്നതോടെ കൂടുതൽ കാര്യക്ഷമമായി സർക്കാരിനെ മുന്നോട്ട് നയിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. എന്നാൽ മോദിയെയും കൂട്ടരെയും കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷം ഉയർത്തിയ തൊഴിലില്ലായ്‌മ മുതൽ കാർഷിക പ്രശ്‌നങ്ങൾ വരെ സർക്കാരിന് മുന്നിൽ വെല്ലുവിളിയാകും.

namo

കാർഷിക പ്രശ്‌നങ്ങൾ

2004 - 05 കാലഘട്ടത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 21 ശതമാനവും സംഭാവന ചെയ്‌തിരുന്നത് ​കൃഷി,​ മത്സ്യബന്ധനം തുടങ്ങിയ മേഖലകളായിരുന്നു. എന്നാൽ 15 വർഷത്തിനിടെ ഇത് 13 ശതമാനമാണ് കുറഞ്ഞത്. എന്നാൽ രാജ്യത്തെ ആകെ തൊഴിലാളികളിൽ 55 ശതമാനം വരുന്ന കർഷകർക്ക് ഈ കാലയളവിൽ മറ്റ് തൊഴിലുകൾ നൽകാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. ഏതാണ്ട് 26 കോടി ആളുകൾ കൃഷി മേഖലയിൽ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ കാർഷിക മേഖലയെ അവഗണിക്കാൻ മോദി സർക്കാരിന് കഴിയില്ലെന്ന് ഉറപ്പാണ്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ ലഭ്യമാക്കുന്ന പദ്ധതി കൊണ്ടുവന്നത് മേഖലയിൽ ചെറിയ ചലനമുണ്ടാക്കി. പക്ഷേ, കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വരും വർഷങ്ങളിൽ മറ്റ് തൊഴിൽ അവസരങ്ങൾ ഒരുക്കിയില്ലെങ്കിൽ മോദി സർക്കാരിന് തലവേദനയാകും.

namo

തൊഴിലില്ലായ്‌മ

രാജ്യത്തെ ആകെ ജനസംഖ്യയുടെ 67 ശതമാനം അഥവാ 91 കോടി പേർ തൊഴിൽ ചെയ്യാൻ കഴിവുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ മുഴുവൻ പേരും തൊഴിൽ അന്വേഷിക്കുന്നില്ലെങ്കിലും ഭൂരിഭാഗത്തിനും തൊഴിൽ അവസരങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓരോ വർഷവും രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ച് അച്ചേ ദിൻ കൊണ്ടുവരുമെന്ന് വാഗ്‌ദ്ധാനം നൽകി 2014ൽ അധികാരത്തിലേറിയ ആദ്യ മോദി സർക്കാർ ഇതിൽ വീഴ്ച വരുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. രാജ്യത്തെ സാമ്പത്തിക രംഗം വെടിപ്പാക്കുന്നതിന് നടപ്പിലാക്കിയ ജി.എസ്.ടിയും നോട്ടുനിരോധനവുമാണ് തൊഴിലില്ലായ്മയ്‌ക്ക് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധരും അഭിപ്രായപ്പെടുന്നത്. രണ്ട് തീരുമാനങ്ങളും കൊണ്ട് രാജ്യത്ത് 1.1 കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതായെന്നാണ് സെന്റർ ഫോർ മോനിറ്ററിംഗ് ഇക്കോണമി (സി.എം.ഐ.ഇ)യും കണ്ടെത്തി. രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 44 വർഷത്തെ കൂടിയ നിരക്കിലാണെന്ന് സർവേ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്‌മ മറികടക്കാനാകും മോദി സർക്കാർ ശ്രമിക്കുക.

namo

സാമ്പത്തിക രംഗത്തെ പഴുതുകൾ

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) നിരക്ക് വർദ്ധിപ്പിച്ച് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തിയത് ഒന്നാം മോദി സർക്കാരിന്റെ നേട്ടമാണ്. എന്നാൽ ഇത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് വഴി വച്ചുവെന്ന് വേണമെങ്കിൽ പറയാം. രാജ്യത്ത് സ്വകാര്യ ഉപഭോഗവും നിക്ഷേപവും കുറഞ്ഞത് സാമ്പത്തിക മേഖലയ്‌ക്ക് തിരിച്ചടിയാണ്. ജി.ഡി.പി വളർച്ചാ നിർണയത്തിന്റെ മുഖ്യഘടകങ്ങളായ വാഹന വിൽപന, വിമാനയാത്രക്കാരുടെ എണ്ണം, കയറ്റുമതി വരുമാനം, റെയിൽ ചരക്കുനീക്കം, പെട്രോളിയം ഉത്‌പന്ന ഉപഭോഗം എന്നിവയിൽ കഴിഞ്ഞ നാല് മാസത്തിനിടെ ഉണ്ടായ കുറവ് വരും മാസങ്ങളിൽ രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. ഇതിനൊപ്പം പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം (നോൺ പെർഫോമിംഗ് അസറ്റ്) വലിയ തോതിൽ വർദ്ധിച്ചതും സാമ്പത്തിക മേഖലയിൽ വൻ തിരിച്ചടിയാണ്. 2018 ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് 8 ട്രില്യൺ കോടിയുടെ കിട്ടാക്കടം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾക്കുണ്ട്. റിസർവ് ബാങ്കിന്റെ കരുതൽ നിക്ഷേപത്തിൽ നിന്ന് കേന്ദ്രസർക്കാർ വിഹിതം ആവശ്യപ്പെട്ടതും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയുടെ നേർചിത്രം വെളിപ്പെടുത്തുന്നു.

namo

ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുക

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയത് തങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് ന്യൂനപക്ഷ ദളിത് വിഭാഗങ്ങൾ കരുതുന്നു, പ്രത്യേകിച്ചും മുസ്‌ലിം ജന വിഭാഗങ്ങൾ. മോദിയുടെ ഉജ്ജല വിജയത്തിന് പിന്നാലെ ഉത്തരേന്ത്യയിൽ ഉണ്ടായ ചില സംഭവങ്ങൾ ഈ ഭയത്തിന് ആക്കം കൂട്ടുന്നുമുണ്ട്. എന്നാൽ അടുത്ത അഞ്ച് വർഷം എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഭരണം കാഴ്‌ച വയ്‌ക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഹിന്ദി സംസാരിക്കുന്നവരുടെയും ഹിന്ദുക്കളുടെയും പാർട്ടി മാത്രമാണ് ബി.ജെ.പിയെന്ന പൊതുവിലെ ധാരണ മാറ്റുന്ന രീതിയിലായിരിക്കും ബി.ജെ.പിയുടെ ഇനിയുള്ള പ്രവർത്തനം.

namo

അതിര് കടക്കുന്ന പ്രസ്‌താവനകൾ

തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്‌ടിച്ചത് ചില നേതാക്കന്മാർ നടത്തിയ വിവാദ പ്രസ്‌താവനകളാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച ഗോഡ്സെ മഹാനാണെന്ന തരത്തിൽ ചിലർ നടത്തിയ പ്രസ്‌താവന ബി.ജെ.പി നേതാക്കന്മാർക്ക് പരസ്യമായി തള്ളിക്കളയേണ്ടി വന്നത് ഇതിന് ഉദാഹരണമാണ്. ഭരണത്തിലെ പോരായ്മ‌കൾ ഒരു പരിധി വരെ മറയ്‌ക്കാൻ ഇത്തരം പ്രസ്‌താവനകൾ ഉപയോഗപ്പെടുമെങ്കിലും അതിര് കടന്ന വിവാദ പ്രസ്‌താവനകൾ സർക്കാരിന് തലവേദനയാകും.

namo

പാകിസ്ഥാനും ഭീകരവാദവും

തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ചെങ്കിലും സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കാതെ പ്രധാനമന്ത്രി പാകിസ്ഥാന് ശക്തമായ സന്ദേശം നൽകിയെന്നാണ് നയതന്ത്ര രംഗത്തെ വിദഗ്‌ദ്ധരുടെ അഭിപ്രായം. ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് ഇമ്രാൻ ഖാൻ നിലപാടെടുത്തെങ്കിലും തീവ്രവാദവും ചർച്ചയും ഒരുമിച്ച് പോകില്ലെന്നാണ് ഇന്ത്യയുടെ മറുപടി. അടുത്തിടെയുണ്ടായ പുൽവാമ ആക്രമണവും സൈനിക നടപടിയും ഇന്ത്യ മറന്നിട്ടില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കാതിരുന്നതിലൂടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. കാശ്‌മീർ അടക്കമുള്ള കീറാമുട്ടികൾ മുന്നിൽ നിൽക്കെ തീവ്രവാദത്തോടും പാകിസ്ഥാനോടും എന്ത് നിലപാടെടുക്കുമെന്ന് ഇപ്പോൾ തന്നെ വ്യക്തമാണ്.