gold

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി. അഭിഭാഷകനായ ബിജുവാണ് കൊച്ചി ഡി.ആർ.ഐ ഓഫീസിൽ കീഴടങ്ങിയത്. ബിജുവിനെ ഡി.ആർ.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, കേസിൽ ഉദ്യോഗസ്ഥരടക്കം പ്രതിചേർക്കപ്പെട്ട സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു. 11 പേർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ അടക്കം പ്രതിയായ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

സ്വർണക്കടത്തിൽ ഇനി രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇടനിലക്കാരും സ്വർണം വാങ്ങിയവരും പിടിയിലാകാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഇനി സി.ബി.ഐ നടത്തും. വി രാധാകൃണനും അഭിഭാഷകൻ ബിജുവും എക്സറേ മേഖല വഴി പരിശോധന ഇല്ലാതെ സ്വർണവുമായി കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും സി.ബി.ഐ പിടിച്ചെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർപോർട്ട് ജീവനക്കാർ പിടിയിലായതോടെയാണ് റവന്യൂ ഇന്റലിജൻസ് തെരച്ചിൽ വ്യാപകമായത്.