ന്യൂഡൽഹി: തിളക്കമാർന്ന വിജയം നേടി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറിയിരിക്കുകയാണ്. രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ ഇന്നലെ നരേന്ദ്രമോദിക്കു രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കാബിനറ്റ് റാങ്കുള്ള 25 പേരും സ്വതന്ത്ര ചുമതലയുള്ള 9 പേരും സഹമന്ത്രിമാരായി 24 പേരും ഉൾപ്പെടെ രണ്ടാം മോദി മന്ത്രിസഭയിൽ 58 പേരാണു സത്യപ്രതിജ്ഞ ചെയ്‌തത്.
എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദി ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വെളുത്ത പൈജാമ കുർത്തയും മുകളിൽ മോദി സ്പെഷ്യൽ 'മോദി ജാക്കറ്റും' ധരിച്ചാണ് നരേന്ദ്രമോദി ചടങ്ങിനെത്തിയത്. അദ്ദേഹം കുർത്തയ്ക്ക് മുകളിൽ ധരിച്ച കോട്ടിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച.
2014ൽ ആദ്യ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞാ സമയത്ത് ധരിച്ച കോട്ടിന്റെ അതേ ഷെയ്ഡ് കോട്ടാണ് ഇത്തവണയും അദ്ദേഹം ധരിച്ചത്. തന്റെ ഭാഗ്യ ജാക്കറ്റായി കരുതിയാണോ അദ്ദേഹം 2014 ധരിച്ച ജാക്കറ്റ് തന്നെ തിരഞ്ഞെടുത്തതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.