പാട്ടിന്റെ റോയൽറ്റിയുമായി ബന്ധപ്പെട്ട് പിണക്കത്തിലായ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യവും സംഗീത സംവിധായകൻ ഇളയരാജയും വീണ്ടും ഒന്നിക്കുന്നു. ഇളയരാജയുടെ എഴുപത്തിയാറാം ജന്മദിനമായ ജൂൺ 2ന് നടക്കുന്ന 'ഇസൈ സെലെബ്രെറ്റ്സ് ഇസൈ' എന്ന പരിപാടിയിൽ വെച്ചാണ് പഴയ പിണക്കം മറന്ന് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. 'ഇസൈജ്ഞാനി'യുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് പരിപാടി നടത്തുന്നത്.
അൻപത് വർഷം നീണ്ട എസ്.പി.ബിയുടെ സംഗീത ജീവിതത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിനായി നടത്തിയ 'എസ്.പി.ബി 50' പരിപാടിയിലൂടെ ബാലസുബ്രഹ്മണ്യം താൻ പാടിയ ഇളയരാജയുടെ ഗാനങ്ങൾ ആലപിച്ചിരുന്നു. എന്നാൽ അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ പാടി എന്ന കാരണം പറഞ്ഞ് ഇളയരാജ ബാലസുബ്രഹ്മണ്യത്തിന് വക്കീൽ നോട്ടീസ് അയച്ചു. ഈ പ്രശ്നത്തെ തുടർന്നാണ് ഇരുവരും അകലുന്നത്.
ഇളയരാജയുടെ പിടിവാശിയെ തുടർന്ന് പരിപാടിയുടെ ബാക്കി ഭാഗങ്ങളിൽ ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ ആലപിക്കാൻ എസ്.പി.ബി തയാറായില്ല. ഇരുവരും സോഷ്യൽ മീഡിയയിലൂടെ വിഷയത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇരുവരുടെയും പിണക്കം മാറ്റാനായി സുഹൃത്തുക്കളാണ് ഇടപെട്ടത്. യേശുദാസ്, ഉഷാ ഉതുപ്പ്, മനോ, ബോംബെ ജയശ്രീ തുടങ്ങിയവരും ഇളയരാജയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും.
അടുത്തിടെ ഇറങ്ങിയ '96' എന്ന തമിഴ് ചിത്രത്തിൽ അനുവാദമില്ലാതെ തന്റെ 'യമുനയാറ്റിലെ' എന്ന ഗാനം ഉപയോഗിച്ചതിനെതിരെയും ഇളയരാജ രംഗത്ത് വന്നിരുന്നു. ഗോവിന്ദ് പ്രസന്നയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.