1. ശബരിമല വിഷയത്തില്‍ എതിര്‍ചേരി നടത്തിയ പ്രവര്‍ത്തനം ശക്തി കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടാക്കി എന്ന് സി.പി.എം സെക്രട്ടേറിയറ്റ്. റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന കമ്മിറ്റിയില്‍ വയ്ക്കും. പത്തനംതിട്ടയിലെ പോലെ പ്രതിരോധം മറ്റ് പല മണ്ഡലങ്ങളിലും ഫലം കണ്ടില്ല എന്ന് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ട് ചോര്‍ന്ന പാലക്കാട്ടെ പരാജയം അന്വേഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സമിതി ഇന്ന് തീരുമാനം എടുത്തേക്കും
2. സംസ്ഥാന സമിതിയില്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് കേന്ദ്ര നേതാക്കള്‍ പങ്കെടുക്കും. ന്യൂനപക്ഷ ഏകീകരണത്തിന് ഒപ്പം ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നും അത് മറികടക്കാന്‍ പ്രചാരണത്തിന് ആയില്ല എന്നും സെക്രട്ടേറിയറ്റില്‍ കേന്ദ്ര നേതൃത്വം. വടകരയില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിന് പോയി എന്നാണ് കണ്ടെത്തല്‍. പാലക്കാട് വോട്ട് ചോര്‍ച്ച ഉണ്ടായി എന്നും അതിന് ഇടയാക്കിയത് ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ആണെന്നും മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി സൂചന
3. നരേന്ദ്രമോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാവും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പ്രധാന വകുപ്പ് ലഭിക്കും. രാജ്നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, പിയുഷ് ഗോയല്‍, സ്മൃതി ഇറാനി എന്നിവരും പുതിയ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് ആവും അമിത് ഷായ്ക്ക് ലഭിക്കുക. കഴിഞ്ഞ സര്‍ക്കാരിലേതു പോലെ ആഭ്യന്തരം രാജ്നാഥ് സിംഗും നിര്‍മ്മലാ സീതാരാമന്‍ പ്രതിരോധ വകുപ്പും കൈകാര്യം ചെയ്‌തേക്കും
4. പുതുതായി മന്ത്രിസഭയില്‍ എത്തിയ മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന് വിദേശകാര്യ വകുപ്പ് ലഭിച്ചേക്കും. വാണിജ് മന്ത്രാലയത്തിന്റെ ചുമതല ആവും രവിശങ്കര്‍ പ്രസാദിന്. കാബിനറ്റ് റാങ്കുള്ള 25 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഒന്‍പത് പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 പേര്‍ സഹമന്ത്രിമാരും ആണ്. ഇന്ന് ഉച്ചയോടെ തന്നെ വകുപ്പുകള്‍ സംബന്ധിച്ച പട്ടിക പുറത്തു വിടും
5. രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റും ഇന്ന് ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്ക് ആയിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക. രാജീവ് ഗൗബ പുതിയ കാബിനറ്റ് സെക്രട്ടറി ആയേക്കും. വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്‌കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കര്‍മ പരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്.
6. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സ്വര്‍ണ്ണം കടത്തിയത് പി.പി.എം ചെയിന്‍സ് ഉടമ മുഹമ്മദ് അലിക്ക് വേണ്ടി എന്ന് ഡി.ആര്‍.ഐ. അതേസമയം, സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി അഭിഭാഷകന്‍ ബിജു കീഴടങ്ങി. കൊച്ചി ഡി.ആര്‍.ഐ ഓഫീസില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. മുഹമ്മദ് അലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡി.ആര്‍.ഐ പരിശോധന നടത്തി. പി.പി.എം തിരുവനന്തപുരം ഷോറൂം മാനേജര്‍ ഹക്കീമും ഡയറക്ടര്‍മാരും ഒളിവിലാണ്. മുഹമ്മദ് അലിയുടെ ദുബായ് സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയത് എന്ന് പിടിയിലായ സെറീനയുടെ മൊഴി.
7. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിന്റെ ഇടനിലക്കാരനെ നേരത്തെ ഡി.ആര്‍.ഐ പിടികൂടിയിരുന്നു. ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ആണ് ഡി.ആര്‍.ഐ പിടികൂടിയത്. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്ത് നിന്ന് കൊണ്ടു വന്നിട്ടുണ്ട് എന്നും ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. അഭിഭാഷകനായ ബിജു കൈമാറുന്ന സ്വര്‍ണം സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നതും സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നതും പ്രകാശിനാണ്. ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
8. ചെയര്‍മാന്‍ സ്ഥാനത്തിനായി നിര്‍ണ്ണായക നീക്കം നടത്താന്‍ ഒരുങ്ങുന്ന ജോസ് കെ. മാണി വിഭാഗത്തിന് തിരിച്ചടിയെന്ന് സൂചന. സംസ്ഥാന സമിതി അംഗങ്ങളുടെ ഒപ്പ് ശേഖരണം നടത്തുന്നുണ്ട് എങ്കിലും ഇതുവരെ പകുതി പേരുടെ പിന്തുണ പോലും ലഭിച്ചില്ലെന്നാണ് വിവരം. ഒപ്പ് ശേഖരണം പൂര്‍ത്തിയായാല്‍ ഉടന്‍ സംസ്ഥാന സമിതി വിളിക്കാന്‍ പി.ജെ ജോസഫിനടക്കം നിവേദനം നല്‍കാനാണ് ജോസ് കെ. മാണി വിഭാഗം ശ്രമിക്കുന്നത്.
9. തര്‍ക്കം ഉണ്ടാകരുതെന്ന് പറയുന്നവരും ജോസഫ് വിഭാഗവും മാറി നിന്നതോടെ ജോസ് കെ.മാണി വിഭാഗം നടത്തുന്ന ഒപ്പ് ശേഖരണം പാളിയതായാണ് സൂചന. ഇതുവരെ 130 പേര്‍ മാത്രമാണ് നിവേദനത്തില്‍ ഒപ്പിട്ടത്. സംസ്ഥാന സമിതിയിലെ കൂടുതല്‍ ആളുകള്‍ ഒപ്പിടാന്‍ വൈകുന്നത് ജോസ് കെ.മാണി വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
10. രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധതയിലെ അനിശ്ചിതാവസ്ഥ തുടരവെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. ലോക്സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ തീരുമാനിക്കും. സന്നദ്ധത അറിയിച്ചാല്‍ രാഹുലാകും കക്ഷി നേതാവ്. ഇല്ലെങ്കില്‍ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍ എന്നിവരില്‍ ആരെയെങ്കിലും തിരഞ്ഞെടുക്കും
11. അതേസമയം ഗാന്ധി കുടുംബത്തിനു പുറത്തു നിന്ന് ഉടന്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍. അനുനയിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രമം തുടരുകയാണ്. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാകാത്ത രാഹുല്‍ ഇന്നലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷപദം സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.