bharat

പുറത്തിറങ്ങാനിരിക്കുന്ന കട്രീന കൈഫ്-സൽമാൻ ഖാൻ ചിത്രം 'ഭാരതി'ന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിലെ ചില സംഭാഷണങ്ങൾ സൽമാൻ ഖാന്റെ കഥാപാത്രത്തെ രാഷ്ട്രവുമായി താരതമ്യപ്പെടുത്തുന്ന രീതിയിലാണെന്നും ഇത് ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും കാണിച്ച് വിപിൻ ത്യാഗി എന്നൊരാളാണ് കോടതിയിൽ ഹർജി നൽകിയത്.

'പതിവുപോലെ അശ്ലീലവും വിടുവായത്തവും നിറഞ്ഞതാണ് സൽമാൻ ഖാന്റെ പുതിയ ചിത്രവും. ഇങ്ങനെയൊരു ചിത്രത്തിന് നമ്മുടെ മഹത്തായ രാജ്യത്തിന്റെ പേര് നൽകുന്നത് ഒട്ടും ശരിയല്ല.' നിതിൻ ത്യാഗി തന്റെ ഹർജിയിൽ പറയുന്നു.

മാത്രമല്ല 'ഭാരത്' എന്ന ചിത്രത്തിന്റെ നാമം വാണിജ്യാവശ്യം ലക്ഷ്യം വച്ചാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് ഇന്ത്യൻ നിയമത്തിലെ 'എംബ്ലംസ് ആൻഡ് നെയിംസ് ആക്റ്റ് 1950'യുടെ ലംഘനമാണെന്നും ഇയാൾ ഹർജിയിൽ പറയുന്നുണ്ട്.

ഏതാനും നാളുകളായി വിവാദങ്ങൾ 'ഭാരതി'നെ വിട്ടൊഴിയുന്നില്ല. ചിത്രത്തിന്റെ ഭാഗം ആകേണ്ടിയിരുന്ന പ്രിയങ്ക ചോപ്ര തന്റെ വിവാഹം സംബന്ധിച്ച് ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന്റെ പേരിൽ സൽമാൻ ഖാൻ പ്രിയങ്ക ചോപ്രയെ കുറ്റപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിന് വേണ്ടി ഭർത്താക്കന്മാരെ ഉപേക്ഷിക്കാൻ പോലും പലരും തയാറായിരുന്നു എന്നായിരുന്നു സൽമാന്റെ വിവാദ പ്രസ്താവന.

ഈ പ്രസ്താവനയുടെ പേരിൽ ചിത്രത്തിലെ നായിക കട്രീന കൈഫ് സൽമാനെ വിമർശിച്ചിരുന്നു. ടൈഗർ സിന്താ ഹേ, സുൽത്താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൽമാനും സംവിധായകൻ അലി അബ്ബാസും ഒന്നിക്കുന്ന ചിത്രമാണ് 'ഭാരത്'.