ന്യൂഡൽഹി: ഭാരിച്ചതും വെല്ലുവിളികൾ നിറഞ്ഞ വകുപ്പുകളാണ് തനിക്ക് ലഭിച്ചതെന്ന് വി.മുരളീധരൻ. വിദേശകാര്യ-പാർലമെന്ററി സഹമന്ത്രി സ്ഥാനമാണ് മുരളീധരന് ലഭിച്ചത്. മുതിർന്ന രണ്ട് കാബിനറ്റ് മന്ത്രിമാരുടെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവ പരിഹരിക്കാനും സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും മരളീധരൻ കൂട്ടിച്ചേർത്തു.
വിമാനങ്ങളുടെ യാത്രാ നിരക്ക് പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നുവെന്നും ഇതിൽ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനൊപ്പവും പാർലമെന്റ് കാര്യമന്ത്രി പ്രഹ്ളാദ് ജോഷിക്കൊപ്പവും പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമെന്നും മുരളീധരൻ വ്യക്തമാക്കി. കേരളത്തിലെ പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മറ്റ് പ്രശ്നങ്ങൾ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് വേണ്ട ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി സർക്കാരിന്റെ നൂറുദിന കർമപരിപാടി ഉടൻ പ്രഖ്യാപിക്കും. വൻ സാമ്പത്തിക പരിഷ്കരണമുണ്ടാകുമെന്നാണ് സൂചന. എയർ ഇന്ത്യയടക്കം 42 പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കും. തൊഴിൽ നിയമങ്ങൾ ഉദാരമാക്കും. വ്യവസായ വികസനത്തിന് സ്ഥലമേറ്റെടുത്ത് ഭൂബാങ്ക് സജ്ജമാക്കും തുടങ്ങിയ കർമ പദ്ധതികൾക്കാവും ഉടൻ രൂപം നൽകുക. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യയോഗം വൈകിട്ട് അഞ്ചിന് ചേരും. വി മുരളീധരൻ ഉൾപ്പെടെ 58 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തത്.