nirmala

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമൂഴത്തിൽ നിർമ്മല സീതാരാമൻ ധനകാര്യവകുപ്പിന്റെ ചുമതല വഹിക്കും. മോദി സർക്കാരിന്റെ ആദ്യ ഘട്ടത്തിൽ പ്രതിരോധ മന്ത്രിയായിരുന്നു. ഇന്ത്യയിലെ ആദ്യ മുഴുവൻ സമയ വനിതാ പ്രതിരോധ മന്ത്രിയെന്ന ബഹുമതി നിർമ്മല സീതാരാമന് സ്വന്തമാണ്. ധനകാര്യം ലഭിച്ചതോടെ ആദ്യ വനിതാ ധനകാര്യ വകുപ്പ് മന്ത്രി എന്ന ബഹുമതിക്ക് കൂടി അ‌ർഹയായിരിക്കുകയാണ് നിർമ്മല സീതാരാമൻ. ഇതോടുകൂടി ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ മന്ത്രി എന്ന വിശേഷണം കൂടി നിർമ്മല സീതാരാമന് ലഭിക്കും. മുന്പ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ദിരാ ഗാന്ധി ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ധനകാര്യവകുപ്പിന് മാത്രമായി ഒരു മുഴുവൻ സമയ വനിതാ മന്ത്രി വരുന്നത്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ഇടത്തരം കുടുംബത്തിൽ സാവിത്രിയുടേയും നാരായണന്റെയും മകളായി 1959ലാണ് നിർമ്മല സീതാരാമൻ ജനിച്ചത്. അച്ഛൻ റെയിൽവെ ഉദ്യോഗസ്ഥനായിരുന്നു. അതിനാൽത്തന്നെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായിരുന്നു കുട്ടിക്കാലം ചിലവഴിച്ചത്.സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദം നേടി. ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫില്ലും പാസായി. ശേഷം മൾട്ടി നാഷണൽ കമ്പനികളിൽ ഉദ്യോഗസ്ഥ. 1986ൽ ഡോ.പറക്കാല പ്രഭാകരനെ വിവാഹം ചെയ്ത് ലണ്ടനിലേക്ക് ചേക്കേറി.

ഹൈദരാബാദിലെ പ്രണവ സ്കൂളിന്റെ സ്ഥാപക ഡയറക്ട‌ർമാരിലൊരാളാണ് നിർമ്മല സീതാരാമൻ. 2003 മുതൽ 2005വരെ വനിതാ കമ്മിഷൻ അംഗമായിരുന്നു. 2006ലാണ് നിർമ്മല സീതാരാമൻ ബി.ജെ.പിയിലേക്ക് കടന്ന് വരുന്നത്. 2009ലെ തോൽവി ബി.ജെപിക്ക് വലിയൊരു പ്രഹരം തന്നെയായിരുന്നു.പാർട്ടിയെ ഇനി ആര് നയിക്കുമെന്ന ആശങ്കയിൽ നിൽക്കുന്നതിനിടയിൽ ആർ.എസ്.എസ് ഗഡ്കരിയെ കൊണ്ടുവരുന്നത്. അദ്ദേഹം ഒരു പുതു ടീമിനെത്തന്നെ ഉണ്ടാക്കി. അതിൽ നിർമ്മല സീതാരാമൻ അംഗമായിരുന്നു.

തുടർന്ന് 2010ൽ പാർട്ടി അസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി വക്താവായതോടെയാണ് നിർമ്മല സീതാരാമൻ മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ നിർമ്മല സീതാരാമൻ തഴയപ്പെട്ടു. എങ്കിലും മോദി സർക്കാരിൽ ധനം, പ്രതിരോധം,വാണിജ്യം എന്നീ വകുപ്പുകൾ അരുൺ ജയ്്റ്ലിക്ക് തലവേദനവയായപ്പോഴാണ് നിർമ്മല സീതാരാമന് ശുക്രനുദിച്ചത്. ധനകാര്യ വകുപ്പിന്റെ നടത്തിപ്പിന് യശ്വന്ത് സിൻഹയുടെ മകനൊപ്പം നിർമ്മലയും എത്തി.

2014 മേയ് 26ന് വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയായി. കഠിനാധ്വാനവും സമർപ്പണ ബോധവും കൊണ്ട് നിർമ്മല സീതാരാമൻ 2017 സെപ്തംബറിൽ പ്രതിരോധമന്ത്രിയായി. ഓഖി കാലത്ത് തീരവാസികളെ തമിഴിൽ ആശ്വസിപ്പിച്ച നിർമ്മല സീതാരാമൻറെ നടപടി വലിയ കയ്യടി നേടിയിരുന്നു.