'ജോൺ വിക്ക്', 'ഈക്വലൈസർ', 'ടേക്കൺ' എന്നീ ആക്‌ഷൻ സിനിമാ സീരീസെല്ലാം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങളെല്ലാം ആരാധകർക്കിടയിൽ തരംഗമാകും മുൻപ്, ആക്‌ഷൻ സീരീസുകൾക്ക് തുടക്കമിട്ട ഒരു ചിത്രമുണ്ട് 'റാംബോ: ഫസ്റ്റ് ബ്ലഡ്'. 'റോക്കി' കഴിഞ്ഞാൽ ആക്ഷൻ സ്റ്റാർ സെൽവെസ്റ്റർ സ്റ്റലോണിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ 'റാംബോ' സീരീസിലുള്ളവയാണ്. ഈ സീരീസിലെ ഏറ്റവും പുതിയ ചിത്രം 'റാംബോ ലാസ്റ്റ് ബ്ലഡിന്റെ' ടീസർ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
സീരീസ് ആരംഭിച്ച് ഏറെ നാളുകൾ ആയത് കൊണ്ടുതന്നെ റാംബോയ്ക്ക് പ്രായമായിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. എന്നാലും മുന്നോട്ടുള്ള യാത്രയിൽ അയാൾ തളരാൻ ഒരുക്കമല്ല. തന്റെ സുഹൃത്തിന്റെ മകളെ തട്ടികൊണ്ട് പോയ മെക്സിക്കൻ ഡ്രഗ് കാർട്ടൽ സംഘങ്ങളെ തകർക്കാൻ ഇറങ്ങി പുറപ്പെടുകയാണ് റാംബോ. തിരിച്ചു വരുമോ എന്ന് ഉറപ്പിലാത്ത ഒരു യാത്ര. ആരാധകരെ നിരാശരാക്കികൊണ്ട് റാംബോ സീരീസിലെ അവസാന ചിത്രമാണ് 'റാംബോ 5' എന്ന പ്രഖ്യാപനവും പുറത്ത് വന്നിട്ടുണ്ട്.
1982ലാണ് റാംബോ സീരിസിലെ ആദ്യചിത്രമായ 'റാംബോ: ഫസ്റ്റ് ബ്ലഡ്' പുറത്തിറങ്ങുന്നത്. പിന്നീട് ഈ ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാകുകയും ചിത്രങ്ങൾ വൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 2008ൽ പുറത്തിറങ്ങിയ ചിത്രത്തിന്റ മൂന്നാം ഭാഗം സ്റ്റാലോൺ തന്നെയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുമ്പോൾ 36 വയസുണ്ടായിരുന്ന സ്റ്റലോണിന് ഇപ്പോൾ പ്രായം 72 ആണ്.