cpm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ട് ചോർന്നെന്ന് സി.പി.എം സംസ്ഥാന സമിതി റിപ്പോർട്ട്. പാർട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും പരമ്പരാഗതമായി പാർട്ടിക്ക് വോട്ടു ചെയ്ത വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ലെന്നും സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ,​ തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച സി.പി.എമ്മിന്റെ റിപ്പോർട്ടിൽ ശബരിമലയെക്കുറിച്ച് പരാമർശമില്ല. വിശ്വാസികളിൽ ഒരു വിഭാഗം തിരിച്ചടിയായി എന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനസമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരുമെന്ന പേടിയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടുകൾ നഷ്ടമായി എന്നും റിപ്പോർട്ടിലുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായ കാര്യങ്ങൾചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സമിതിയിൽ അവതരിപ്പിച്ചെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങിയിട്ടില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോൽവിയെ ബാധിച്ചിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമുള്ളത്.

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്‌ത് തയ്യാറാക്കിയ റിപ്പോർട്ടാണ് കോടിയേരി ഇന്ന് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത്. ശബരിമല തിരഞ്ഞെടുപ്പിൽ സ്വാധീനഘടകമായോ എന്നത് സംബന്ധിച്ച് പ്രമുഖ നേതാക്കൾ വ്യത്യസ്‌ത അഭിപ്രായങ്ങൾ നേരത്തേ പ്രകടിപ്പിച്ചിരുന്നു. അതേസമയം, വിശ്വാസികളിൽ വലിയൊരു വിഭാഗത്തിന്റെ നിലപാട് ഇത്തവണ പാർട്ടിക്ക് അനുകൂലമായില്ല എന്ന പരാമർശം റിപ്പോർട്ടിലുണ്ട്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ യു‍‍.ഡി.എഫ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് കഴിഞ്ഞുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.