sushama

ന്യൂഡൽഹി: കഴിഞ്ഞ എൻ.ഡി.എ സർക്കാരിന്റെ മന്ത്രിസഭയിലെ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചുപറ്റിയ മന്ത്രി എന്ന ഖ്യാതി നേടിയത് മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ്. വിദേശകാര്യ മേഖലയിലുള്ള തന്റെ പ്രവർത്തനത്തിലൂടെ നിരവധി ആരാധകരും സുഷമ സ്വരാജിന് ഉണ്ടായി. ട്വിറ്ററിലൂടെ തന്റെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്താനും സുഷമ സ്വരാജിന് സാധിച്ചു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയകളിൽ ട്വിറ്ററിലാണ് സ്വരാജിന് ഏറ്റവും കൂടുതൽ ആരാധകർ.

എന്നാൽ ഇത്തവണത്തെ 'മോദി 2.0' മന്ത്രിസഭയിൽ സുഷമ സ്വരാജില്ല. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ സമയത്ത് അവസാന നിമിഷത്തിലാണ് സുഷമ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകില്ല എന്നറിഞ്ഞത്. ഇതിനെ തുടർന്ന് തനിക്ക് മുൻ മന്ത്രിസഭയിൽ അവസരം തന്നതിന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു.

'പ്രധാനമന്ത്രിജി, വിദേശകാര്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം, വിദേശത്തും സ്വദേശത്തും ഉള്ള ജനങ്ങളെ സേവിക്കാൻ താങ്കൾ എനിക്ക് അവസരം തന്നു. എനിക്ക് വേണ്ട ബഹുമാനവും താങ്കൾ തന്നു. ഞാൻ താങ്കളെ എന്റെ നന്ദി അറിയിക്കുന്നു. ഈ സർക്കാർ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.' സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.

प्रधान मंत्री जी - आपने 5 वर्षों तक मुझे विदेश मंत्री के तौर पर देशवासियों और प्रवासी भारतीयों की सेवा करने का मौका दिया और पूरे कार्यकाल में व्यक्तिगत तौर पर भी बहुत सम्मान दिया. मैं आपके प्रति बहुत आभारी हूँ. हमारी सरकार बहुत यशस्विता से चले, प्रभु से मेरी यही प्रार्थना है.

— Sushma Swaraj (@SushmaSwaraj) May 30, 2019

ഇതിന് മറുപടിയെന്നോണം അനേകം പേർ സുഷമയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അവരുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുള്ളയും ഇക്കൂട്ടത്തിൽ പെടും. മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയും സുഷമയും ഇത്തവണത്തെ മന്ത്രിസഭയിൽ ഇല്ലാത്തത് നിർഭാഗ്യകരമാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഇരുവർക്കും ഒമർ സൗഖ്യം ആശംസിച്ചു.

'രാജ്യം നിങ്ങളെ മന്ത്രിസഭയിൽ മിസ് ചെയ്യും. വികാരവിമുക്തമായിരുന്ന ഒരു മന്ത്രിസഭയിൽ സ്നേഹവും മൂല്യവും കൊണ്ട് വന്നത് നിങ്ങളാണ്.' ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചു. 'നിങ്ങൾ ഏറെ നല്ല കാര്യങ്ങൾ ചെയ്തു മാഡം. നിങ്ങൾ സഹായിച്ചവർ നിങ്ങളെ ഒരിക്കലും മറക്കില്ല.' മറ്റൊരു ട്വിറ്റർ യൂസറും പറയുന്നു.

The country will miss you in the cabinet . You brought in emotions and values to a ministry which always seemed so clinical!

— Priyanka Chaturvedi (@priyankac19) May 30, 2019

വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ, യു.എ.ഇയിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ പെട്ട ഒരു യുവതിയെ നാട്ടിലെത്തിച്ചത്, പാസ്‌പോർട്ടും പണവും ഇല്ലാതെ ജർമനിയിൽ അകപ്പെട്ട ഒരു പെൺകുട്ടിയെ സഹായിച്ചത്, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമുണ്ടായിരുന്നു ഒരു പാകിസ്ഥാനി പെൺകുട്ടിക്ക് അതിന് സൗകര്യം ചെയ്ത് കൊടുത്തത്, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സുഷമ സ്വരാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.