smoking

ലോകത്ത് ഏറ്റവും കൂടുതൽ പേർ ചോദിച്ചിട്ടുള്ള ഒരു ചോദ്യങ്ങളിലൊന്നാണ് പുകവലി എങ്ങനെ നിർത്തുമെന്ന്... പക്ഷേ ഇപ്പോഴും പലരുടെയും മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നതും ഇതേ ചോദ്യമായിരിക്കും എന്നതും സത്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാളെടുക്കുന്ന മികച്ച തീരുമാനങ്ങളിലൊന്നാണ് താൻ ഇനി പുകവലിക്കില്ലെന്നത്. പുകവലി നിർത്താൻ തീരുമാനിച്ച ആളിന്റെ മുന്നിൽ ജീവിതം പോലും തോറ്റു പിൻമാറുമെന്നും ചരിത്രം സാക്ഷി. പക്ഷേ അത്ര എളുപ്പമല്ല പുകവലിയെന്ന ദുശീലത്തിൽ നിന്നും പുറത്തു കടക്കുകയെന്ന് അനുഭവസ്ഥർ പറയുന്നു. എങ്ങനെ പുകവലി നിർത്താമെന്ന് ഒരു എളുപ്പ വഴി ഇവിടെ വിശദീകരിക്കാം.

smoking

1. പുകവലി നിർത്താനുള്ള തീരുമാനം

'പുകവലി ഉപേക്ഷിക്കുക എന്നതു ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എനിക്കതു കൃത്യമായി അറിയാം, കാരണം ഞാൻ തന്നെ ആയിരിക്കണക്കിനു തവണ പുകവലി ഉപേക്ഷിച്ചിരിക്കുന്നു...'' മാർക്ക് ട്വയിന്റെ പ്രശ‌സ്‌തമായ വാചകങ്ങൾ പോലെയാണ് മിക്കവരുടെയും പുകവലി നിർത്താനുള്ള തീരുമാനം. ആദ്യമായി താൻ എന്തിന് പുകവലി ഉപേക്ഷിക്കുന്നു എന്ന് നിശ്ചയിക്കലാണ്. നിങ്ങൾ ഇതിന് മുമ്പ് പുകവലി നിർത്താനുള്ള തീരുമാനത്തിലെത്തി പരാജയപ്പെട്ടത് ഇപ്പോൾ ഈ ശീലം തുടരുന്നതിനുള്ള കാരണമായി ചിന്തിക്കരുത്. പുകവലി നിർത്താൻ തനിക്ക് കഴിയില്ലെന്നും ചിന്ത വേണ്ട. കാരണം എത്രത്തോളം പരാജയപ്പെടുന്നുവോ അത്രത്തോളം വിജയത്തിലേക്ക് അടുത്തുവെന്നാണ് സൂചിപ്പിക്കുന്നത്. ചിലപ്പോൾ കഴിഞ്ഞ തവണ നിങ്ങൾ പുകവലി നിർത്താൻ തയ്യാറായിട്ടുണ്ടാകില്ല. ഈ കുറിപ്പ് വായിച്ച് തീരുമ്പോൾ തന്നെ പുകവലിയോട് ബൈ പറയാൻ തീരുമാനിച്ചോളൂ.

smoking

2.പുകവലിക്കാനുള്ള പ്രേരണ നൽകുന്ന സമയവും സന്ദർഭവും കണ്ടെത്തുക
പുകവലിക്കാൻ വിവിധ കാരണങ്ങൾ കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. ചില പ്രത്യേക സമയങ്ങളിൽ പുകവലിക്കുന്നവരും ഏറെയുണ്ട്. പുകവലിക്കാൻ പ്രേരണ നൽകുന്ന സമയവും സന്ദർഭവും കണ്ടെത്തുകയെന്നതാണ് രണ്ടാമത്തെ വെല്ലുവിളി. പിന്നീട് ഈ സമയമെത്തുമ്പോൾ പുകവലിക്കാനുള്ള പ്രേരണ ഇല്ലാതാക്കാനായി ഒരു ചായയോ കോഫിയോ അല്ലെങ്കിൽ ചെറിയ മധുരമോ കൂട്ടുകാരുടെ കൂടെ നടക്കാൻ പോവുകയോ ഒക്കെ ചെയ്യാവുന്നതാണ്.

പലപ്പോഴും വെറുതേയിരിക്കുമ്പോഴാണ് പുകവലിക്കാനുള്ള പ്രേരണ ഏറെയുണ്ടാവുക. എന്നും ഒരു ജിംനേഷ്യം സന്ദർശിക്കുന്നതു ശീലമാക്കുക. സമ്മർദങ്ങൾ കുറയ്‌ക്കാനുള്ള നിരവധി വ്യായാമമുറകൾ ശീലിപ്പിക്കാൻ ജിംനേഷ്യത്തിൽനിന്നു സാധിക്കും. പക്ഷേ, കഠിനമായ വ്യായാമം ചെയ്യുന്നതിനു മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടണം. തുടർച്ചയായ പുകവലി മൂലം ശ്വാസകോശത്തിന്റെ ക്ഷമത പരശോധിക്കാനാണിത്‌.

smoking

3. പുകവലി നിർത്താനുള്ള സന്ദർഭം തീരുമാനിക്കുക

പുകവലി എപ്പോൾ നിർത്തണമെന്നു സമയം നിശ്ചയിക്കൽ പ്രധാനമാണ്. ഇതു ഒരു പുസ്തകത്തിലോ മറ്റോ എഴുതി വയ്ക്കുക. വലിക്കാൻ താൽപര്യമോ ആഗ്രഹമോ ഉണ്ടാകുമ്പോൾ ഇതൊന്നു നോക്കുകയും ശപഥം തെറ്റിക്കില്ലെന്നു കരുതുകയും ചെയ്യുക. ആദ്യം ഒന്നു രണ്ടു തവണ ബുദ്ധിമുട്ടു തോന്നുമെങ്കിലും സാവധാനം പുകവലിക്കാനുള്ള പ്രചോദനം പൂർണമായി ഇല്ലാതാകും.

smoking

4. പുകവലി നിർത്താനുള്ള തീരുമാനം എല്ലാവരെയും അറിയിക്കുക

പുകവലി നിർത്തുന്നത് ശത്രുവിനോടുള്ള യുദ്ധം ജയിക്കുന്നതിനേക്കാൾ അപകടകരമാണെന്നാണ് പഴമൊഴി. ഏതൊരു യുദ്ധം ജയിക്കാനും സൈന്യവും കൂട്ടാളികളും ഉണ്ടായേ തീരൂ. പുകവലി നിർത്താനുള്ള യുദ്ധത്തിൽ ഏറ്റവും വല്യ സൈന്യം നമ്മുടെ മനസ് തന്നെയാണ്. കൂട്ടാളികളായി കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കൂട്ടാം. പുകവലി നിർത്താനുള്ള തീരുമാനത്തെക്കുറിച്ച് ഇവരോട് തുറന്ന് സംസാരിക്കുക. പുകവലിക്കെതിരായ യുദ്ധത്തിൽ സഹായം അഭ്യർത്ഥിക്കാം. പറ്റുമെങ്കിൽ ഒരു ഡോക്‌ടറെ കണ്ട് വിദഗ്ധ ഉപദേശം തേടുന്നതും നല്ലതാണ്.

smoking

5.പുകവലിക്കാൻ പ്രേരണ നൽകുന്ന എല്ലാ സാധനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക

പുകവലിക്കാൻ പ്രേരണ നൽകുന്ന നിരവധി സാധനങ്ങൾ നിങ്ങളുടെ സമീപമുണ്ടാകാം. സിഗരറ്റ് പായ്‌ക്കറ്റ്, ലൈറ്റർ, തീപ്പെട്ടി, ആഷ്‌ട്രേ തുടങ്ങിയവ മുറിയിൽനിന്നും കണ്ണെത്തുന്ന സ്ഥലങ്ങളിൽനിന്നും മാറ്റിവയ്ക്കുക എന്നതാണ് പെട്ടെന്നു ചെയ്യാവുന്ന കാര്യം. ഈ വക വസ്തുക്കൾ പുകവലിക്കാനുള്ള താൽപര്യം വർദ്ധിപ്പിക്കുന്നവയാണ്. പുകയിലയുടെ മണവും നിങ്ങൾക്ക് പുകവലിക്കാനുള്ള പ്രേരണ നൽകുമെന്നതിനാൽ വസ്ത്രങ്ങളും വീടും പരിസരവും എല്ലാം വൃത്തിയാക്കുക.

smoking

6.ആദ്യ രണ്ട് ആഴ്‌ച്ചകൾ

പുകവലി നിർത്താനുള്ള തീരുമാനം ഏറ്റവും കഠിനമായി തോന്നുന്നത് ആദ്യ രണ്ട് ആഴ്‌ച്ചകളിലായിരിക്കും. ഈ കാലയളവ് തരണം ചെയ്‌തു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമായിരിക്കും. പുകവലിക്കാൻ തോന്നുന്ന എല്ലാത്തിൽ നിന്നും ഈ കാലയളവിൽ ഒഴിഞ്ഞു നിൽക്കുക. കുടുംബത്തിനൊപ്പവും പുകവലിക്കാത്ത സുഹൃത്തുക്കൾക്കൊപ്പവും സമയം ചിലവഴിക്കുക. അമിതമായ സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം പൂർണമായും ഒഴി‌ഞ്ഞു നിൽക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്.

smoking

7. ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ കഴിക്കുക

ശരീരത്തിൽ അടിയുന്ന നിക്കോട്ടിൻ ശരീരത്തിൽനിന്നു പുറംതള്ളാൻ ഏറ്റവുമധികം സഹായിക്കുന്നതാണ് വെള്ളം. നല്ല പുകവലിക്കാരനാണെങ്കിൽ കൂടുതൽ വെള്ളം കുടിച്ചാൽ സാധാരണ നിലയിൽ പുകവലി കുറയും. അതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കുക. ഒപ്പം ധാരാളം പഴവർഗങ്ങൾ കഴിക്കുകയും ചെയ്യുക.

ഈ രീതികൾക്കെല്ലാം ഉപരിയായി ഞാൻ ഇനി പുകവലിക്കില്ലെന്ന തീരുമാനം തന്നെയാണ് ഏറ്റവും പ്രധാനം...