barroz

'ബറോസ്സ്' എന്ന ഭൂതമായി നടൻ മോഹൻലാലിനെ വെള്ളിത്തിരയിൽ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് പലേരി ഈ കാര്യം പങ്കുവെച്ചത്. തന്റെ സഹപ്രവർത്തകനും 'മൈ ഡിയർ കുട്ടിച്ചാത്ത'ന്റെ സംവിധായകനുമായ ജിജോ പുന്നൂസിനൊപ്പം നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്നത് ഏറെ ആവേശവും സന്തോഷവും തരുന്ന കാര്യമാണെന്നും രഘുനാഥ് പലേരി പോസ്റ്റിൽ പറയുന്നു.

താനും ജിജോയും ആയുള്ള സൗഹൃദ ബന്ധത്തെകുറിച്ചും രഘുനാഥ് പലേരി പോസ്റ്റിൽ വാചാലനാകുന്നു. ബറോസ്സിന്റെ കഥ നേരത്തെ തന്നെ ജിജോയിൽ നിന്നും താൻ കേട്ടിരുന്നു എന്നും, ഒരു പാവം ഭൂതത്തിന്റെ കഥയാണ് ബറോസ്സ് എന്നും രഘുനാഥ് പലേരി പറയുന്നുണ്ട്. പോസ്റ്റിന്റെ അവസാന ഭാഗത്താണ് ബറോസ്സിന്റെ കാര്യം രഘുനാഥ് പറയുന്നത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്സ്' ഒരു ത്രീഡി സിനിമയാണ്. ചിത്രത്തിന്റെ നിർമ്മാണത്തിലും, സാങ്കേതിക വശങ്ങളിലും സഹായിക്കുന്നതിന് വേണ്ടിയിട്ടാണ് മോഹൻലാൽ മലയാളത്തിലെ ആദ്യ ത്രീഡി ചിത്രത്തിന്റെ സംവിധായകനായ ജിജോ പുന്നൂസിനെ സമീപിക്കുന്നത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ഒരു ഭൂതത്തിന്റെ കഥയാണ് 'ബറോസ്സ്'. മോഹൻലാൽ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. കുട്ടികളെ ആണ് ചിത്രം ലക്ഷ്യമിടുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.