modi-

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ നൂറ് ദിവസം വമ്പൻ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തുടക്കമിടും. വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന സാമ്പത്തിക മാറ്റങ്ങളുണ്ടാകുമെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

വിദേശ നിക്ഷേപകർക്ക് ഏറെ സന്തോഷിക്കാനുള്ള കാര്യങ്ങൾ ഇതിലുണ്ടാവും. മാറ്റങ്ങളുടെ ഒരു പരമ്പര തന്നെ വരും'- രാജീവ് കുമാർ വ്യക്തമാക്കി.

തൊഴിൽ നിയമങ്ങൾ, സ്വകാര്യവത്കരണം, വ്യവസായ വികസനത്തിനായി ഭൂമി, ബാങ്ക് എന്നീ മേഖലകളിലാണ് മാറ്റങ്ങൾ വരുന്നത്.

തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതും

ഇന്ത്യയിലെ സങ്കീർണമായ തൊഴിൽ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള ബില്ല് ജൂലായിൽ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. 44 കേന്ദ്ര നിയമങ്ങൾ നാല് വിഭാഗങ്ങളിലായി ക്രോഡീകരിക്കും. വേതനം, വ്യവസായ ബന്ധങ്ങൾ,​ സാമൂഹ്യ സുരക്ഷയും ക്ഷേമവും,​ തൊഴിൽ സുരക്ഷ (ആരോഗ്യവും തൊഴിൽ സാഹചര്യങ്ങളും)​എന്നിങ്ങനെ നാല് വിഭാഗങ്ങളായിരിക്കും.

ഇത് സങ്കീർണമായ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനികളെ സഹായിക്കും. കമ്പനികളും തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കങ്ങളും നിയമ പോരാട്ടങ്ങളും അതോടെ ഒഴിവാകും.

ലാൻഡ് ബാങ്ക്

വ്യവസായ വികസനത്തിന് ഭൂമി സുഗമമായി ലഭ്യമാക്കാനാണ് ലാൻഡ് ബാങ്ക് സൃഷ്‌ടിക്കുന്നത്. സർക്കാർ ഭൂമിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമിയും ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തും. ഇതുൾപ്പെടെ സർക്കാർ ഭൂമിയുടെ വിശദവിവരങ്ങൾ അടങ്ങുന്ന പട്ടിക തയ്യാറാക്കും. ഈ ഭൂമി ആയിരിക്കും വിദേശ നിക്ഷേപകർക്ക് കൈമാറുന്നത്. ഓരോ വ്യവസായത്തിനും നിക്ഷേപകരുടെ ആവശ്യങ്ങൾക്കും അനുസൃതമായി ഈ ഭൂമി വികസിപ്പിക്കാൻ തടസമുണ്ടാവില്ല. വിദേശ നിക്ഷേപകർക്ക് പിൽക്കാലത്ത് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടാകാവുന്ന തർക്കങ്ങൾ മുൻകൂട്ടി ഒഴിവാക്കുകയാണ് ലക്ഷ്യം. മുൻപ് സംരംഭകർക്ക് കൈമാറിയ കൃഷിഭൂമിയെ ചൊല്ലി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും പ്രക്ഷോഭങ്ങൾ നടത്തിയത് പരിഗണിച്ചാണ് ഈ കരുതൽ.

സ്വകാര്യവത്കരണം

വരും മാസങ്ങളിൽ 42 പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായി സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും. രാജ്യത്തിന്റെ അഭിമാനമായ എയർ ഇന്ത്യ വരെ പൂർണമായി സ്വകാര്യവത്കരിക്കും. ഇതിനായി എയർ ഇന്ത്യയിലെ വിദേശ നിക്ഷേപ പരിധി എടുത്തുകളയും. നഷ്‌ടത്തിലുള്ള എയർ ഇന്ത്യയെ കരകയറ്റാൻ സ്വകാര്യവത്കരണം മാത്രമാണ് സർക്കാ‌ർ കാണുന്ന വഴി.

മാതൃകമ്പനി

പൊതുമേഖലാ സ്ഥാപനങ്ങളെ മൊത്തം നിയന്ത്രിക്കാൻ സ്വയംഭരണാധികാരമുള്ള ഒരു മാതൃ കമ്പനി രൂപീകരിക്കും. അതോടെ വിവിധ മന്ത്രാലയങ്ങളോടുള്ള ഉത്തരവാദിത്വം ഇല്ലാതാകും. ബ്യൂറോക്രസിയുടെ നൂലാമാലകളില്ലാതെ സ്വകാര്യവത്കരണ തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കാം.