കൊച്ചി: സ്‌റ്റീൽ, സിമന്റ് നിർമ്മാണ രംഗത്തെ പ്രമുഖരായ ജെ.എസ്.ഡബ്ള്യു ഗ്രൂപ്പിന്റെ പുത്തൻ സംരംഭമായ ജെ.എസ്.ഡബ്ള്യു പെയിന്റ്‌സ് കേരള വിപണിയിലെത്തി. കർണാടകയ്ക്ക് ശേഷം കമ്പനി സാന്നിദ്ധ്യമറിയിക്കുന്ന രണ്ടാമത്തെ വിപണിയാണ് കേരളം. തുടക്കത്തിൽ കൊച്ചിയിലും കോഴിക്കോട്ടും ഉത്‌പന്നങ്ങൾ ലഭിക്കും. ഏത് നിറത്തിലുള്ള പെയിന്റിനും ഒരേവില, ഏറെക്കാലത്തെ ഈടുനിൽപ്പ്, വ്യത്യസ്‌തവും ആകർഷകവുമായ നൂതന പാക്കേജിംഗ് എന്നിവയാണ് പ്രത്യേകത.
ഈവർഷം സെപ്‌തംബറിനകം ദക്ഷിണേന്ത്യയിലും പശ്‌ചിമ സംസ്‌ഥാനങ്ങളിലും വിപണി വ്യാപിപ്പിക്കുകയും അഞ്ചു ശതമാനം വിപണിവിഹിതം നേടുകയുമാണ് ലക്ഷ്യമെന്ന് ജെ.എസ്.ഡബ്ല്യു പെയിന്റ്സ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എ.എസ്. സുന്ദരേശൻ പറഞ്ഞു. 2025നകം 10 ശതമാനം വിപണി വിഹിതവും ലക്ഷ്യമിടുന്നു. ഹാലോ, ഓറസ്, പിക്‌സ നിരകളിലാണ് കമ്പനിയുടെ പെയിന്റുകളെത്തുന്നത്. ലിറ്രറിന് 150 രൂപ മുതൽ 500 രൂപവരെയാണ് വില. വില ഏകീകരിച്ച ഏക കമ്പനിയാണ് ജെ.എസ്.ഡബ്ള്യു പെയിന്റ്‌സ്.
ഇൻഡസ്‌ട്രിയൽ കോട്ടിംഗ്, ഡെക്കറേറ്റീവ് പെയിന്റുകളിലായി 1,800ലധികം നിറവൈവിദ്ധ്യങ്ങളും കമ്പനിക്കുണ്ട്. മഹാരാഷ്‌ട്രയിലെ വസിന്ദിൽ 25,000 കിലോലിറ്ററും കർണാടകയിലെ വിജയനഗറിൽ ഒരുലക്ഷം കിലോലിറ്ററും ഉത്‌പാദനശേഷിയുള്ള പ്ളാന്റുകളുണ്ട്. 600 കോടി രൂപയാണ് നിക്ഷേപം. മുഴുവൻ ഉത്‌പാദനശേഷിയും പരിഗണിക്കുമ്പോൾ മൂന്നുവർഷത്തിനകം 2,000 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നു. 3,000-4,000 കോടി രൂപയാണ് കേരള വിപണിയുടെ മൂല്യം. രാജ്യത്ത് ആളോഹരി പെയിന്റ് ഉപഭോഗത്തിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.