കാസർകോട്: കർണാടക ട്രാൻസ്‌പോർട്ട് ബസിൽ കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ആദൂർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ യുവാവിനെ അറസ്റ്റുചെയ്തു. പുലർച്ചെ അഞ്ചരയ്ക്കാണ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര സ്വദേശി മയ്യൂർ ഭാരത് ദേശ്‌മുഖിനെ (23) അറസ്റ്റുചെയ്തത്. ധരിച്ചിരുന്ന ഷർട്ടിന്റെ ഉള്ളിലെ ജാക്കറ്റിൽ പ്രത്യേകം അറയുണ്ടാക്കിയാണ് 2000 രൂപയുടെ നോട്ടുകൾ സൂക്ഷിച്ചിരുന്നത്.
ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കുള്ള ബസിലാണ് യുവാവ് എത്തിയത്. കോഴിക്കോട്ട് പണമെത്തിക്കലായിരുന്നു ലക്ഷ്യം. അതിർത്തി വഴി വിദേശ മദ്യം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് രാത്രി മുഴുവൻ ചെക്ക് പോസ്റ്റിൽ എക്‌സൈസ് പരിശോധന നടത്തിയത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി വിശദമായ തെരച്ചിൽ നടത്തിയപ്പോഴാണ് ഒളിപ്പിച്ചുവച്ച പണം കണ്ടെത്തിയത്. പണവും പ്രതിയെയും എക്‌സൈസ് ആദൂർ പൊലീസിന് കൈമാറി.
പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌കുമാർ, ടി.വി. സുജിത്ത്, എം.എ. പ്രഭാകരൻ, കെ. വിനോദ്, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.