കണ്ണൂർ: മാറാ വ്യാധികളിൽ നിന്നും മുക്തി നേടാൻ വൈദ്യനാഥനെ പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രത്തിൽ തൊഴുകയ്യുമായി എത്തിയാൽ ഏത് രോഗവും മാറുമെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ചയാണ് ഈ അന്പലത്തിൽ ദർശനം നടത്താൻ അനുയോജ്യമായ ദിനം. മലയാള മാസം ആറാം തീയതിയും ഞായറാഴ്ചയും ഒന്നിച്ച് വരുന്ന ദിനം ഇവിടെ വിശേഷമാണ്. രോഗികൾ ഇവിടെ വന്ന് 41 ദിവസമോ അല്ലെങ്കിൽ രോഗം മാറുന്നതുവരെയോ ഭജനമിരിക്കാറുണ്ട്. മലബാർ ദേവസ്വത്തിന് കീഴിൽ പെരിഞ്ചല്ലൂർ ഗ്രാമക്കാരുടെ ട്രസ്റ്റിനാണ് അമ്പലത്തിലെ കാര്യങ്ങളുടെ ചുമതല.
ഐതീഹ്യം
ഗരുഡഭഗവാന് ഉദരവ്യാധി വന്നപ്പോഴും ആദിത്യഭഗവാന് പ്രകാശം കുറഞ്ഞുവന്നപ്പോഴും വൈദ്യനാഥനോട് പ്രാർത്ഥിച്ചാണ് രോഗം മാറിയത് എന്നാണ് ഐതീഹ്യം. ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് സൂര്യ ദശാകാല ദോഷങ്ങൾക്ക് പരിഹാരമാണ്. ഭഗവതിയും അയ്യപ്പനും ഗണപതിയും ഉപദേവന്മാരാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാട് ജലധാരയും ക്ഷീരധാരയുമാണ്. ഈ ക്ഷേത്രത്തിൽ ഗർഭ രക്ഷയ്ക്കായി വെണ്ണ നിവേദ്യം നടത്താറുണ്ട്. പാക്കം,എരടി,തപോതൽ എന്നിങ്ങനെയുള്ള മൂന്ന് ഇല്ലക്കാരാണ് ക്ഷേത്രത്തിലെ പാരമ്പര്യ ശാന്തി. പുടയൂർ ഇല്ലത്തിനാണ് തന്ത്രം.