editorial-

കെവിൻ കൊലക്കേസിൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ എസ്.ഐ. എം.എസ്.ഷിബുവിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തീരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ച സർക്കാർ നടപടി ഉചിതമായി.

ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്റെ അച്ഛനും ഭാര്യയും മുഖ്യമന്ത്രി ശ്രീ .പിണറായി വിജയനെ നേരിൽക്കണ്ട് നിവേദനം നൽകുകയും,മാധ്യമങ്ങൾ ഈ അനീതി വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തപ്പോഴാണ് പുനർവിചിന്തനത്തിന് പൊലീസ് അധികാരികൾ തയ്യാറായത്.കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്നവർ സമൂഹമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടാലും,അച്ചടക്ക നടപടിക്ക് വിധേയരായാലും തങ്ങൾക്കനുകൂലമായ പഴുതുകൾ കണ്ടെത്തി വളഞ്ഞവഴികളിലൂടെ തിരികെക്കയറാൻ ശ്രമിക്കുമെന്നതിന്റെ തെളിവുകൂടിയാണ് ഈ സംഭവം.

ഒരു വർഷം മുമ്പാണ് കെവിൻ എന്ന യുവാവിന്റെ ജീവൻ ദുരഭിമാനത്തിന്റെ പേരിൽ ഭാര്യയുടെ ഉറ്റബന്ധുക്കൾ കവർന്നെടുത്തുവെന്ന കേസുണ്ടായത്.മകൾ സ്വന്തം ഇഷ്ടപ്രകാരം അന്യ സമുദായാംഗത്തെ സ്നേഹിച്ച് വിവാഹം കഴിച്ചുവെന്നതായിരുന്നു പ്രകോപനം.പൊലീസ് സന്ദർഭോചിതമായി ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ നിശ്ചയമായും ഒവിവാക്കാൻ കഴിയുന്നതായിരുന്നു ഈ കൊലപാതകം.കെവിനെ തട്ടിക്കൊണ്ടുപോയതായി അച്ഛനും ഭാര്യയും പരാതിപ്പെട്ടിട്ടും ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്ന എസ്.ഐ.ഷിബു അത് കേൾക്കാനോ എന്തെങ്കിലും അന്വേഷണം നടത്താനോ മുതിർന്നില്ലെന്നു മാത്രമല്ല,അവരെ അവഹേളിച്ച് മടക്കിയയ്ക്കുകയായിരുന്നു.കെവിന്റെ ഭാര്യ നീനു ഇതേക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞത് കേരളം മുഴുവൻ കേട്ടതുമാണ്.എങ്ങനെയെങ്കിലും തന്റെ ഭർത്താവിനെ രക്ഷിക്കൂയെന്ന് നീനു ആ ഉദ്യോഗസ്ഥനോട് കേണപേക്ഷിച്ചെങ്കിലും അതെല്ലാം ബധിരകർണ്ണങ്ങളിൽ പതിച്ചതുപോലെയായിരുന്നു.കുറ്റകൃത്യം ഒഴിവാക്കാൻ നടപടിയെടുക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രതികൾക്ക് ഒത്താശ ചെയ്തെന്നും കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്ക ലംഘനവും കാട്ടിയെന്നും ഇത് കെവിന്റെ മരണത്തിന് ഇടയാക്കിയെന്നുമായിരുന്നു കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് വിഭാഗം കണ്ടെത്തിയത്.ഷിബുവിനെ പിരിച്ചു വിടണമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്തിരുന്നു.എന്നാൽ ഈ തീരുമാനത്തിൽ പിന്നീട് വെള്ളം ചേർത്തതായിട്ടാണ് കാണുന്നത്.കൊല നടന്ന് ഒരു വർഷം തികഞ്ഞ വേളയിൽ ഷിബുവിനെ സർവ്വീസിൽ തിരിച്ചെടുക്കുകയും കോട്ടയത്ത് തന്നെ നിയമിക്കുകയുമായിരുന്നു.പരാതിയാകുമെന്ന് കണ്ടതിനാലാകാം ആ തീരുമാനത്തിൽ പിന്നെ ഭേദഗതി വരുത്തുകയും സ്ഥലംമാറ്റം ഇടുക്കിയിലേക്കാക്കുകയും ചെയ്തത്.ഇതോടൊപ്പം ഷിബുവിനെ എസ്.ഐ മാരുടെ സീനിയോറിറ്റി പട്ടികയിൽ അവസാന പേരുകാരനായി തരംതാഴ്ത്തുകയും ചെയ്തു.

വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിനെ ചവുട്ടിക്കൊന്ന കേസിൽ പ്രതികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്തതല്ലാതെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ലെന്ന മുടന്തൻ ന്യായം ചൂണ്ടിക്കാട്ടി എസ്.ഐ ഷിബു നടത്തിയ അഭ്യർത്ഥന കൊച്ചി റേഞ്ച് ഐ.ജി അംഗീകരിക്കുകയായിരുന്നുവത്രെ.ഷിബുവിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള കാരണം നേരുത്തെ സൂചിപ്പിച്ചതുപോലെ അന്വേഷണ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് അക്കമിട്ട് നിരത്തിയിരുന്നുവെന്നാണ് അറിയുന്നത്.ഈ റിപ്പോ‌ർട്ടിലെ കാര്യങ്ങൾ കണക്കിലെടുക്കാതെ കുറ്റാരോപിതനായ ഉദ്യാഗസ്ഥന്റെ വാദമുഖങ്ങൾ അംഗീകരിച്ച ഐ.ജിയുടെ നടപടി വിചിത്രമെന്ന് പറയാതിരിക്കാനാവില്ല.ഒരു കേസിൽ പ്രതികളെ വെറുതെ വിട്ടുവെന്നത് കീഴ് വഴക്കമായിക്കണ്ട് മറ്റു കേസുകളിലെല്ലാം പ്രതികൾ കുറ്റവിമുക്തരാകുന്നില്ലല്ലോ.കീഴ് വഴക്കമുണ്ടെന്ന് പറഞ്ഞ് തെറ്റ് ചെയ്താൽ അത് ഒരിക്കലും രക്ഷപ്പെടാനുള്ള അവകാശമായി മാറുകയില്ല.

കെവിൻ കേസിൽത്തന്നെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ടി.എം.ബിജുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.കെവിനെ തട്ടിക്കൊണ്ടുപോകാൻ വന്ന വാഹനത്തിന്റെ നമ്പ‌ർ പ്ളേറ്റ് മറച്ചിരിക്കുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ബിജു കണ്ടിട്ട് പിടികൂടിയില്ലെന്ന് മാത്രമല്ല രണ്ടായിരം രൂപ അവരിൽ നിന്ന് കൈക്കൂലി വാങ്ങി വിട്ടയയ്ക്കുകയായിരുന്നു.ബിജുവിനെ പിരിച്ചുവിട്ടതിനു പുറമെ പൊലീസ് ജീപ്പിന്റെ ഡ്രൈവർ അജയകുമാറിന്റെ രണ്ട് ഇൻക്രിമെന്റ് തടയുകയും ചെയ്തിരുന്നു.കുറ്റകൃത്യത്തിൽ പങ്കെടുത്തില്ലെന്നു എസ്.ഐ ഷിബു വാദിച്ചാലും തന്നിൽ നിഷിപ്തമായ അധികാരം വിനിയോഗിക്കാനുള്ള ധാർമ്മികമായ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന വലിയ തെറ്റിന് ഉത്തരം പറയാതിരിക്കാനാവില്ല..

കെവിൻ കൊലക്കേസിൽ വ്യാപകമായ ജനരോഷം ഉയർന്നപ്പോൾ സർക്കാർ ഉണർന്ന് പ്രവർത്തിച്ചതിനാലാണ് പ്രതികളെയെല്ലാവരെയും പിടികൂടാനായത്.നീനുവിന്റെ സഹോദരനും അച്ഛനുമടക്കം പൊലീസ് പിടിയിലായിരുന്നു.കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ ആരംഭിച്ചിട്ടുമുണ്ട്.ഇതിനിടെയാണ് കല്ലുകടിയായി തിരിച്ചെടുക്കൽ നാടകം അരങ്ങേറിയത്.പൊലീസിന്റെ സേവനോൻമുഖമായ ഒട്ടേറെ പ്രവൃത്തികൾ എടുത്തു പറയാനുണ്ടെങ്കിലും ജനങ്ങളോടുള്ള പൊതു സമീപനത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്.ഒരാഴ്ച മുമ്പാണ് തിരുവനന്തപുരത്ത് തിരുവല്ലത്ത് ഒരു സ്ത്രീയെ പൊലീസ് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.അതിക്രമം കാട്ടിയ പൊലീസുകാർ ആ സംഭവത്തിൽ സസ്പെൻഷനിലായിട്ടുണ്ട്.എത്ര വലിയ തെറ്റുകൾ ചെയ്താലും സസ്പെൻഷന്റെ ഒരു ഇടവേള കഴിഞ്ഞ് സർവ്വീസിൽ തിരികെയെത്താമെന്നുള്ള തോന്നലിൽ നിന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.അത് അവസാനിപ്പിക്കണമെങ്കിൽ കർക്കശവും മാതൃകാപരവുമായ ശിക്ഷാനടപടികൾ സ്വീകരിച്ചേ മതിയാകൂ.