ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദി, ലണ്ടനിലെ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഈ മാസം 11ന് ജാമ്യാപേക്ഷയിൽ വാദം കേൾക്കുമെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. ബ്രിട്ടനിലെ വാൻഡ്സ് വർത്ത് ജയിലിലാണ് 48കാരനായ നീരവ് മോദി ഇപ്പോഴുള്ളത്.
നാലാംതവണയും നീരവിന്റെ ജാമ്യാപേക്ഷ തള്ളിയ ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ കോടതി, കഴിഞ്ഞ ദിവസം ഇയാളുടെ റിമാൻഡ് കാലാവധി ജൂൺ 27 വരെ നീട്ടിയിരുന്നു. ഇന്ത്യയ്ക്ക് വിട്ടുനൽകിയാൽ, ഏതു ജയിലിലായിരിക്കും പാർപ്പിക്കുക എന്നത് സംബന്ധിച്ചും 14 ദിവസത്തിനകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 19നാണ് നീരവിനെ ലണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്തത്.