congress

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കർണാടകയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച നേട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കിയ ബി.ജെ.പിക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. കോൺഗ്രസിനൊപ്പം സഖ്യം ചേരാതെ മത്സരിച്ച ജനതാദൾ എസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ മാസം 29നാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

ഇതുവരെ ഫലമറിഞ്ഞ 1221 സീറ്റുകളിൽ 509 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 366 സീറ്റുകളിൽ ബി.ജെ.പിയും 174 എണ്ണത്തിൽ ജെ.ഡി.എസും വിജയിച്ചിട്ടുണ്ട്. ബി.എസ്.പിക്ക് മൂന്നും സി.പി.എമ്മിന് രണ്ട് സീറ്റുകളും ലഭിച്ചിട്ടുണ്ട്.ടൗൺ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് മുന്നേറിയപ്പോൾ ടൗൺ പഞ്ചായത്തുകളിൽ ബി.ജെ.പിക്കാണ് നേട്ടം. സിറ്റി മുനിസിപ്പാലികളിലെ 90 സീറ്റുകൾ കോൺഗ്രസ് നേടി. 56 സീറ്റുകളിൽ ബി.ജെ.പിയും 38 സീറ്റുകളിൽ ജെ.ഡി.എസും ജയിച്ചു. ടൗൺ മുനിസിപ്പാലിറ്റിയിലെ 322 സീറ്റിൽ കോൺഗ്രസും 184 സീറ്റിൽ ബി.ജെ.പിയും 102 സീറ്റിൽ ജെഡിഎസും ജയിച്ചു. ടൗൺ പഞ്ചായത്തിലെ 126 സീറ്റ് ബി.ജെ.പി നേടിയപ്പോൾ 97 സീറ്റുകൾ കോൺഗ്രസും 34 സീറ്റ് ജെ.ഡി.എസും നേടി.