ന്യൂഡൽഹി: 17-ാം ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രത്തിൽ മന്ത്രിമാർ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ തമിഴ്നാടിന് നിരാശയായിരുന്നു ഫലം. ബി.ജെ.പിക്കൊപ്പം മുന്നണിയുണ്ടാക്കി മത്സരിച്ച സംസ്ഥാന ഭരണ കക്ഷിയായ അണ്ണാ ഡി.എം.കെ.യിൽ നിന്ന് ഒരാൾ പോലും മന്ത്രിസഭയിലെത്തിയില്ല. 60 വർഷത്തെ ഇന്ത്യയുടെ ഭരണചരിത്രത്തിലാദ്യമായിട്ടാണ് തമിഴ്നാടിന് കേന്ദ്രമന്ത്രിസഭയിൽ സാന്നിദ്ധ്യമില്ലാതെയായത്. എൻ.ഡി.എ മുന്നണിക്ക് ഒരു സീറ്റ് പോലും നൽകാത്ത കേരളത്തിൽ നിന്നുവരെ മന്ത്രിയുണ്ടായ സാഹചര്യത്തിലാണ് തമിഴ്നാടിന് പൂർണ നിരാശയുണ്ടായത്.
പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി ഇ.പളനിസ്വാമി വിഭാഗവും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം വിഭാഗവും തമ്മിലുള്ള ആഭ്യന്തര തർക്കമാണ് മന്ത്രിസ്ഥാനത്തിന് തടസമായതെന്നാണ് നിരീക്ഷണം. തമിഴ്‌നാട്ടിൽ നിന്നുള്ള എൻ.ഡി.എയുടെ ഏകവിജയിയും ഉപമുഖ്യമന്ത്രി പനീർസെൽവത്തിന്റെ മകനുമായ പി.രവീന്ദ്രനാഥ് കുമാർ മോദി മന്ത്രിസഭയിൽ അംഗമാകുമെന്നും സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ച് കേന്ദ്രത്തിൽനിന്ന് വിളി വന്നുവെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അത്തരത്തിൽ ഒരു കോളും ലഭിച്ചില്ലെന്നും പ്രതീക്ഷയുണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം പിന്നീട് ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ, തന്റെ വിശ്വസ്തനും മുതിർന്ന രാജ്യസഭാ അംഗവുമായ ആർ. വൈത്തിലിംഗത്തിനു വേണ്ടി മുഖ്യമന്ത്രി പളനിസ്വാമി ചരടുവലിച്ചതോടെ കുമാറിന്റെ സാദ്ധ്യത കൂടി അടയുകയായിരുന്നു. ഇതോടെയാണ് അണ്ണാ ഡി.എം.കെയ്ക്ക് മന്ത്രിയില്ലാതെവന്നത്.
തേനി ലോക്സഭാ മണ്ഡലത്തിൽനിന്ന് ജയിച്ച രവീന്ദ്രനാഥോ, നിലവിൽ രാജ്യസഭാംഗമായ ആർ.വൈത്തിലിംഗമോ മന്ത്രിസഭയിലെത്തിയിരുന്നെങ്കിൽ അതും അണ്ണാ ഡി.എം.കെയ്ക്ക് ചരിത്രമായേനെ. കാരണം, 20 വർഷങ്ങൾക്കുമുമ്പാണ് അണ്ണാ ഡി.എം.കെയ്ക്ക് അവസാനമായി ഒരു കേന്ദ്രമന്ത്രിയുണ്ടായത്. 1999ലെ രണ്ടാം വാജ്പേയി സർക്കാരിലായിരുന്നു അത്.
അതേസമയം, കേന്ദ്രമന്ത്രിമാരായി സ്ഥാനമേറ്റ നിർമ്മല സീതാരാമൻ, എസ്.ജയശങ്കർ എന്നിവർ തമിഴ്നാട്ടിൽനിന്നാണെന്ന് സംസ്ഥാനത്തെ ബി.ജെ.പി വക്താവ് ടി.നാരായണൻ പറഞ്ഞു. അടുത്തഘട്ടത്തിലെ മന്ത്രിസഭാ വികസനത്തിൽ തമിഴ്നാടിന് ഉറപ്പായും ഒരു മന്ത്രിയുണ്ടാകുമെന്നും നാരായണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് നിർമ്മല സീതാരാമനും എസ്.ജയശങ്കറും ജനിച്ചത്. എന്നാൽ, പിന്നീട് ഇരുവരുടെയും ജീവിത,പ്രവർത്തനമേഖല സംസ്ഥാനത്തിന് പുറത്തായിരുന്നു.